കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വീതം വെച്ചു; വിവരമറിഞ്ഞ് വനപാലകരെത്തി; പട്ടികളെ അഴിച്ചുവിട്ട് വേട്ടക്കാരുടെ സംഘം രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2021 09:30 PM  |  

Last Updated: 21st January 2021 09:30 PM  |   A+A-   |  

stray-dogs-5

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കാട്ടുപോത്തിനെ വേട്ടയാടുന്നുവെന്ന വിവരത്തിന് പിന്നാലെ അന്വേഷിക്കാനെത്തിയ വനപാലകര്‍ക്ക് നേരെ പട്ടികളെ തുറന്ന് വിട്ട് വേട്ടക്കാരുടെ സംഘം. താമരശ്ശേരി റെയ്ഞ്ചിലെ പൂവാറംത്തോട് തമ്പ്രാന്‍ക്കൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി  പങ്കിടുന്നെന്ന വിവരം ലഭിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വേട്ടക്കാര്‍ പട്ടികളെ തുറന്ന് വിട്ടത്. 

ഇതിന് പിന്നാലെ ഇവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് തിരുവമ്പാടി പൊലീസിന്റെ സഹായത്തോടെ  നടത്തിയ റെയ്ഡില്‍ അമ്പത് കിലോയോളം കാട്ട് പോത്തിറച്ചി പിടിച്ചെടുത്തു. കാക്ക്യാനിയില്‍ ജില്‍സന്റെ താമസസ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തിയത്.  ഇറച്ചിക്ക് പുറമേ രണ്ടു തോക്കുകള്‍, 18 തിരകള്‍, അഞ്ച് വെട്ടുകത്തികള്‍,  മഴു, വടിവാള്‍, വെടിക്കോപ്പുകള്‍, ഹെഡ്‌ലൈറ്റ് എന്നിവയും കണ്ടെടുത്തു. 

കാക്ക്യാനിയില്‍ ജില്‍സന്‍, പൂവാറംത്തോട് കയ്യാലക്കകത്ത് വിനോജ്, പെരുമ്പൂള ബേബി, പെരുമ്പൂള ജയ്‌സണ്‍, പെരുമ്പൂള വിജേഷ്, കണ്ടാല്‍ അറിയുന്ന ഒരാളുമാണ് വേട്ടനായക്കളെ ഉപയോഗിച്ച് വനം ഉദ്യോഗസ്ഥരെ ആക്രമിച്ച്  രക്ഷപ്പെട്ടതെന്ന്  ഉദ്യോഗസ്ഥര്‍ വിശദമാക്കി.