ബിജു പ്രഭാകര്‍, ജിജി തോംസണ്‍, കെമാല്‍ പാഷ; സ്ഥാനാര്‍ഥി പട്ടികയില്‍ 'പൊതു സ്വീകാര്യരെ' കൊണ്ടുവരാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ സജീവം

നിലവില്‍ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 'പൊതു സ്വീകാര്യ വ്യക്തിത്വ'ങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സൂചന
ബിജു പ്രഭാകര്‍, ജിജി തോംസണ്‍, കെമാല്‍ പാഷ/ഫയല്‍
ബിജു പ്രഭാകര്‍, ജിജി തോംസണ്‍, കെമാല്‍ പാഷ/ഫയല്‍

തിരുവനന്തപുരം: നിലവില്‍ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 'പൊതു സ്വീകാര്യ വ്യക്തിത്വ'ങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സൂചന. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, റിട്ട. ജസ്റ്റിസ് ബി കെമാല്‍ പാഷ എന്നിവരെ സ്ഥാനാര്‍ഥി പട്ടികയില്‍ എത്തിക്കാനാണ് ശ്രമം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആയിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയില്‍ യൂണിയനുകള്‍ക്കെതെരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ബിജു അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തു തന്നെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ അഭ്യര്‍ഥിച്ച് തന്നെ സമീപിച്ചിരുന്നതായി ബിജു പറഞ്ഞു. സ്ഥാനാര്‍ഥിയാവാന്‍ യോജിച്ച ആളല്ല താന്‍ എന്നു പറഞ്ഞ് അവരെ മടക്കുകയായിരുന്നു. കായംകുളത്തുനിന്നു മത്സരിക്കാനാവുമോയെന്ന് പ്രാദേശിക നേതാക്കള്‍ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും കെഎസ്ആര്‍ടിസിയെ പുനരുജ്ജീവിപ്പിക്കുന്നതിലാണ്- ബിജു പ്രഭാകര്‍ പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ സ്‌കൂളിലും കോളജിലുമെല്ലാം സജീവ കെഎസ്‌യു പ്രവര്‍ത്തകന്‍ ആയിരുന്നു. ജിജി തോംസണെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. മത്സരിക്കാന്‍ തനിക്കു മേല്‍ സമ്മര്‍ദമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു പദ്ധതിയില്ലെന്നും ജിജി തോംസണ്‍ പറഞ്ഞു. കുറെക്കൂടി ചെറുപ്പക്കാര്‍ മത്സര രംഗത്ത് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന്, 64കാരനായ ജിജി തോംസണ്‍ പറയുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാല്‍ സ്വീകരിക്കുമെന്ന് കെമാല്‍ പാഷ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എറണാകുളം ജില്ലയില്‍ മത്സരിക്കാനാണ് താത്പര്യമെന്നും കെമാല്‍ പാഷ അറിയിച്ചിട്ടുണ്ട്. കെമാല്‍ പാഷയെ പുനലൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ താത്പര്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com