ചെന്നിത്തല കെഎസ് യു നേതാവില്‍ നിന്നും വളര്‍ന്നിട്ടില്ല ; ആരോപണങ്ങള്‍ തെളിയിച്ചാല്‍ പണി നിര്‍ത്തും ; സ്പീക്കറുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2021 01:34 PM  |  

Last Updated: 21st January 2021 01:34 PM  |   A+A-   |  

speaker sreeramakrishnan

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്. ഇത് കീഴ്‌വഴക്കമാകരുതെന്നാണ് അപേക്ഷയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെ അടിക്കാന്‍ വഴിയില്ലാത്തതുകൊണ്ട് സ്പീക്കറെ ആക്രമിക്കുന്നു. ഉമ്മറിന്റെ പ്രമേയം പ്രതിപക്ഷത്തിന് ബൂമറാങ്ങാകും. പ്രമേയ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഉമ്മറിന് സീറ്റ് പോയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എന്ത് സീറ്റാണ് പോയതെന്ന് വ്യക്തമാക്കണമെന്ന് ഉമ്മര്‍ പോയിന്റ് ഓഫ് ഓര്‍ഡറിലൂടെ ആവശ്യപ്പെട്ടു. 

മാറുന്ന കാലത്തോട് ചേര്‍ന്നു നിന്നത് തെറ്റാണോ. ഭരണഘടനാ സ്ഥാപനങ്ങള്‍ വെല്ലുവിളി നേരിടുമ്പോള്‍, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തെറ്റാണോ. നിയമസഭയ്ക്ക് ബദല്‍ മാധ്യമം ഉണ്ടാക്കിയത് തെറ്റാണോ എന്നും ശ്രീരാമകൃഷ്ണന്‍ ചോദിച്ചു. അത് തെറ്റാണെങ്കില്‍ ആ തെറ്റ് അംഗീകരിക്കുന്നു. 

രമേശ് ചെന്നിത്തല കെഎസ് യു നേതാവില്‍ നിന്നും വളര്‍ന്നിട്ടില്ല. ആരോപണങ്ങള്‍ യുക്തിരഹിതമാണ്. അഴിമതി ആരോപണങ്ങള്‍ തെളിയിച്ചാല്‍ പണി നിര്‍ത്തും. നിയമസഭ സമ്മേളനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുന്നത് അനൗചിത്യമാണ്. സത്യവിശ്വാസികളെ നിങ്ങള്‍ ഊഹാപോഹങ്ങളെ പിന്തുടരുത്. അത് കുറ്റമാണ് എന്ന് ഖുര്‍ആന്‍ ഉദ്ധരിച്ച് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.