വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ പരിശോധന പിൻവലിച്ചു; പിഴയിട്ടത് അയ്യായിരത്തോളം പേർക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2021 07:50 AM  |  

Last Updated: 22nd January 2021 08:17 AM  |   A+A-   |  

Cooling film and curtain inspection

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീൻ തത്കാലികമായി പിൻവലിച്ചു. വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ആരംഭിച്ച പരിശോധനനയാണ് നിർത്തിയത്. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്. എന്നാൽ, പതിവ് വാഹന പരിശോധന തുടരും.

രണ്ട് ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. അഞ്ച് ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വാഹനങ്ങളിലെ കർട്ടൻ നീക്കേണ്ടി വന്നു.

വാഹന ഉടമകൾ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകൾ പതിക്കുന്നതും കർട്ടനുകൾ ഉപയോഗിക്കുന്നതും തടയാൻ മോട്ടോർ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. സുപ്രീം കോടതി ഇവയുടെ ഉപയോഗം നിരോധിച്ചിരുന്നു. 

ഗ്ലാസുകളിൽ സ്റ്റിക്കറുകളും പതിക്കാൻ പാടില്ല. കാറുകളിൽ ഫാക്ടറി നിർമിത ടിന്റഡ്‌ ഗ്ലാസ് മാത്രമായിരുന്നു അനുവദനീയം.