കളമശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം; കോൺഗ്രസ് വിമതൻ നേടിയത് 207 വോട്ടുകൾ
By സമകാലിക മലയാളം ഡെസ്ക് | Published: 22nd January 2021 08:46 AM |
Last Updated: 22nd January 2021 02:05 PM | A+A A- |

കളമശ്ശേരിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം/ആല്‍ബിന്‍ മാത്യു
കൊച്ചി: കളമശേരി നഗരസഭ 37ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാർ വിജയിച്ചു. 308 വോട്ടുകൾ നേടി 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റഫീഖ് മരയ്ക്കാർ വിജയിച്ചത്.
യുഡിഎഫിനായി മുസ്ലിം ലീഗ് സ്ഥാനാർത്ഥി സമീലാണ് മത്സരിച്ചത്. അദ്ദേഹത്തിന് 244 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് വിമതനായി മത്സരിച്ച ഷിബു സിദ്ദിഖ് 207 വോട്ടുകൾ പിടിച്ചത് നിർണായകമായി. ലീഗിന്റെ സിറ്റിങ് സീറ്റിലാണ് റഫീഖ് അട്ടിമറി വിജയം പിടിച്ചത്.
ഇതോടെ 21 സീറ്റുകളിൽ യുഡിഎഫും 20 സീറ്റുകളിൽ എൽഡിഎഫും എന്ന നിലയിലായി നഗരസഭയിലെ ബലാബലം. കളമശേരി നഗരസഭാ ഭരണത്തെ സ്വാധീനിക്കുന്ന ഫലമാണ് റഫീഖ് മരയ്ക്കാറുടെ അട്ടിമറി വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
ഇപ്പോൾ വിട്ടുനിൽക്കുന്ന വിമതർ തങ്ങൾക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അങ്ങനെ സംഭവിച്ചാൽ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസവും എൽഡിഎഫിനുണ്ട്. നിലവിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിനാണ് ഇവിടെ ഭരണം ലഭിച്ചത്.