മകളെ നഴ്‌സിങ് സ്‌കൂളില്‍ ചേര്‍ത്ത് മടങ്ങിയ പിതാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; അസ്വഭാവിക മരണത്തിന് കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2021 08:46 AM  |  

Last Updated: 22nd January 2021 08:46 AM  |   A+A-   |  

train

ഫയല്‍ ചിത്രം


എടത്വാ: മകളെ കർണാടകയിലെ നഴ്‌സിംങ് സ്‌കൂളിൽ ചേർത്ത് മടങ്ങിയ പിതാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ. നീരേറ്റുപുറം കാരിക്കുഴി കുറവുംപറമ്പിൽ സുരേഷിന്റെ (48) മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

ഇളയമകൾ സുധിമോളെ കർണ്ണാടക ഹോസ്‌കോട്ട ശ്രീലക്ഷ്മി നഴ്‌സിംങ് സ്‌കൂളിൽ ചേർത്ത ശേഷം ഭാര്യ ആനിയുമായി ബുധനാഴ്ച വൈകിട്ട് ബാംഗ്ലൂർ ആർ കെ പുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങും വഴി ചൊവ്വാഴ്ചയാണ് സംഭവം. രാത്രി ഇരുവരും ഉറങ്ങാൻ കിടന്നതിന് ശേഷം ഇടയ്ക്ക് ഉണർന്ന ആനി കൂടെകിടന്ന സുരേഷിനെ കണ്ടില്ല. ബാത്ത്‌റൂമിൽ പോയതാണെന്ന് കരുതി നോക്കിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കൂടെയുള്ളവരെ വിളിച്ചുണർത്തി ട്രെയിനിൽ അന്വഷിച്ചു.

ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയശേഷം ആനിയും കൂടെയുണ്ടായിരുന്നവരും കോട്ടയം റെയിൽവേ പോലീസിൽ പരാതിപ്പെട്ടു. റെയിൽവേ പോലീസിന്റെ അന്വഷണത്തിലാണ് തമിഴ്‌നാട് വേളൂർ എന്ന സ്ഥലത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി ഇത് സുരേഷിന്റെ മൃതദേഹമാണന്ന് സ്ഥിരീകരിച്ചു.

സുധിമോൾക്കൊപ്പം മറ്റ് രണ്ട് വിദ്യാർഥിനികളും ഒപ്പമുണ്ടായിരുന്നു. ഈ വിദ്യാർഥിനികളുടെ ബന്ധുക്കളും സുരേഷിനൊപ്പം മടക്കയാത്രയിലുണ്ടായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിൽ റെയിവേ പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.