കേന്ദ്രം പോലും ചെയ്യാത്ത കാര്യം, വിചിത്രം; സിഎജി റിപ്പോർട്ട് നിരാകരിക്കാൻ സഭയ്ക്ക് എന്ത് അധികാരം? പ്രമേയത്തെ എതിർത്ത് പ്രതിപക്ഷം

കേന്ദ്രം പോലും ചെയ്യാത്ത കാര്യം, വിചിത്രം; സിഎജി റിപ്പോർട്ട് നിരാകരിക്കാൻ സഭയ്ക്ക് എന്ത് അധികാരം? പ്രമേയത്തെ എതിർത്ത് പ്രതിപക്ഷം
വിഡി സതീശൻ നിയമസഭയിൽ/ ടെലിവിഷൻ ദൃശ്യം
വിഡി സതീശൻ നിയമസഭയിൽ/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിർത്ത് പ്രതിപക്ഷം. സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾക്കെതിരെയാണ് പ്രമേയം. ഇതിൻമേൽ നടന്ന ചർച്ചയിൽ പ്രതിപക്ഷത്ത് നിന്ന് വിഡി സതീശനാണ് സംസാരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രമേയം പിൻവലിക്കണമെന്നും സതീശൻ  ആവശ്യപ്പെട്ടു. 

പ്രമേയത്തിലെ ആദ്യ ഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ സഭ ചർച്ച ചെയ്തതാണ്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ പ്രമേയത്തിലെ കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സഭ നിരാകരിക്കുന്നു എന്ന ഭാഗങ്ങൾ വളരെ വിചിത്രമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോർട്ടിലെ ഭാഗങ്ങൾ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല.

ഭരണഘടനയിൽ ഒരിടത്തും  ഇത്തരം ഒരു അധികാരത്തെക്കുറിച്ച് പറയുന്നില്ല. സിഎജി റിപ്പോർട്ട് സഭയിൽ വെച്ചാൽ അത് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് പോകണം. കമ്മിറ്റി ഈ പരാമർശങ്ങളിൽ ഉൾപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകും. സർക്കാരിന്റെയും സിഎജിയുടെയും വാദങ്ങൾ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്- സതീശൻ പറഞ്ഞു.

കേന്ദ്ര സർക്കാർ പോലും വിമർശനങ്ങളെ സഭാ സമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

കോടതിയുടെ വിധിയുണ്ടായാൽ  ആ വിധി നിരാകരിക്കുമെന്ന് പറയാൻ സഭയ്ക്ക് അധികാരമുണ്ടോ. സിഎജി റിപ്പോർട്ട് അവസാനവാക്കല്ല. നടപടി ക്രമങ്ങളിലൂടെ മാത്രമെ പിഎസിക്ക് പോലും അന്തിമ തീരുമാനം എടുക്കാനാകൂ. സിഎജിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തന്നെയാണ് കേന്ദ്രവും നടത്തുന്നത്. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പ്രമേയത്തിൽ നിന്ന് പിൻമാറാൻ  സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും സതീശൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com