തൃശൂരിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ്; പുല്ലഴിയിൽ അട്ടിമറി ജയം; കോർപറേഷൻ കക്ഷിനില ഒപ്പത്തിനൊപ്പം

തൃശൂരിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ്; പുല്ലഴിയിൽ അട്ടിമറി ജയം; കോർപറേഷൻ കക്ഷിനില ഒപ്പത്തിനൊപ്പം
കെ രാമനാഥൻ/ ടെലിവിഷൻ ദൃശ്യം
കെ രാമനാഥൻ/ ടെലിവിഷൻ ദൃശ്യം

തൃശൂർ: കോൺഗ്രസ് വിമതനെ മേയറാക്കി എൽഡിഎഫ് ഭരണം പിടിച്ച തൃശൂർ കോർപറേഷനിലെ പുല്ലഴി വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാർത്ഥി കെ രാമനാഥൻ ഇവിടെ 1009 വോട്ടുകൾ നേടി വിജയിച്ചു. 

ഇതോടെ കോർപറേഷനിലെ കക്ഷിനില തുല്യമായി. ഇരു മുന്നണികൾക്കും ഇതോടെ കോർപറേഷനിൽ 24 സീറ്റുകളായി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കോൺ​ഗ്രസ് വിമതൻ എംകെ വർ​ഗീസിനെ മേയറാക്കിയാണ് എൽഡിഎഫ് ഇവിടെ ഭരണം പിടിച്ചത്. രണ്ട് വർഷത്തേക്ക് മേയറാക്കാം എന്ന വാ​ഗ്ദാനത്തിലായിരുന്നു വർ​ഗീസ് എൽഡിഎഫിനൊപ്പം നിന്നത്. അഞ്ച് വർഷവും മേയറാക്കാം എന്നാണ് യുഡിഎഫ് വാ​ഗ്ദാനം. 

പുല്ലഴിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയതോടെ വർ​ഗീസിന്റെ നിലപാട് നിർണായകമാവും. അതേസമയം എൽഡിഎഫിനൊപ്പം തുടരുമെന്നാണ് എംകെ വർ​ഗീസ് പ്രതകരിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിൽ താത്തൂർപൊയിൽ വാർഡിൽ നടന്ന ഉപതെര‍ഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. ഇവിടെ യുഡിഎഫിലെ കെസി വാസന്തി 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 

കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും യുഡിഎഫ് വിജയിച്ചു. പറമ്പിമുക്ക്, ചോല വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. പറമ്പിമുക്കിൽ യുഡിഎഫ് സ്ഥാനാർത്ഥി നൗഫൽ 323 വോട്ടുകൾക്ക് വിജയിച്ചു. ചോല വാർഡിൽ അനിൽ കുമാർ 70 വോട്ടുകൾക്ക് വിജയം പിടിച്ചു.  തെരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തിൽ മാറ്റമുണ്ടാക്കില്ല. 

ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ഏഴാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി രോ​ഹിത് എം പിള്ള 464 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com