തന്നെയോ മകളെയോ പരിഗണിക്കണം, ഉപാധികള്‍ മുന്നോട്ടുവെച്ച് കെ വി തോമസ്, റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2021 11:07 AM  |  

Last Updated: 23rd January 2021 11:07 AM  |   A+A-   |  

k v thomas

കെ വി തോമസ് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംപി കെവി തോമസ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് മുന്നില്‍ ഉപാധികള്‍ വെച്ചതായി റിപ്പോര്‍ട്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെയോ, മകളെയോ പരിഗണിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍. ഈ ആവശ്യം കെ വി തോമസ് ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തുന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് സൂചന.

രാവിലെ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് ചര്‍ച്ചക്കെത്തിയ കെ വി തോമസ് മാധ്യമങ്ങളോട് രോഷാകുലനായി. നിങ്ങളു തന്നെ വാര്‍ത്തയുണ്ടാക്കി കൊടുക്കണ്ട. എനിക്ക് പറയാനുള്ളത് പറയും. ഇതിന് മര്യാദയുണ്ട്. നിങ്ങള്‍ വാര്‍ത്തയുണ്ടാക്കി നല്‍കുന്നതിന് ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല എന്നും കെ വി തോമസ് ക്ഷുഭിതനായി പറഞ്ഞു. 

അതേസമയം കെ വി തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിയില്‍ തുടരുമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അദ്ദേഹത്തിന് പറയാനുള്ളത് പാര്‍ട്ടി കേള്‍ക്കും. എന്തായാലും കെ വി തോമസ് പാര്‍ട്ടി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.