'കുട്ടി സിബ്ല്യൂസിക്കു മുന്നില്‍ പറഞ്ഞതല്ല മജിസ്‌ട്രേറ്റിനോടു പറഞ്ഞത്, ഡോക്ടറോടു പറഞ്ഞതില്‍ പിന്നെയും മാറ്റം' ; കടയ്ക്കാവൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി

'കുട്ടി സിബ്ല്യൂസിക്കു മുന്നില്‍ പറഞ്ഞതല്ല മജിസ്‌ട്രേറ്റിനോടു പറഞ്ഞത്, ഡോക്ടറോടു പറഞ്ഞതില്‍ പിന്നെയും മാറ്റം' ; കടയ്ക്കാവൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി
കേരള ഹൈക്കോടതി/ഫയല്‍
കേരള ഹൈക്കോടതി/ഫയല്‍

കൊച്ചി: കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്യുംമുമ്പ് പൊലീസ് അന്വേഷണം നടത്തണമായിരുന്നെന്ന് ഹൈക്കോടതി. കു്ട്ടിയുടെ ഭാഷ്യവും അമ്മയ്‌ക്കെതിരെയുള്ള പരാതിയുടെ സത്യാവസ്ഥയും യഥാര്‍ഥമാണോയെന്ന് ഉറപ്പാക്കുന്നതില്‍ അ്‌ന്വേഷണ ഏജന്‍സി പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അമ്മയ്ക്കു ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് വി ഷെര്‍സിയുടെ പരാമര്‍ശം.

ഭര്‍ത്താവിനെതിരെ കുട്ടിയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ടെന്ന വസ്തുത നിലനില്‍ക്കെ, ഇത്തരമൊരു അസാധാരണ പരാതി വരുമ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തിടുക്കം കാട്ടരുതായിരുന്നു. പിതാവോ ഒപ്പം താമസിക്കുന്ന സ്ത്രീയോ കുട്ടിയെക്കൊണ്ടു പറയിപ്പിച്ചതാണോ, അതിനായി പഠിപ്പിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അ്‌ന്വേഷിച്ചില്ല. സെപ്റ്റംബറിലാണ് പിതാവും കുട്ടിയും വിദേശത്തുനിന്നു വന്നത്. പൊലീസില്‍ പരാതി നല്‍കിയത് നവംബര്‍ 10നാണ്. എന്തുകൊണ്ടു പരാതി വൈകി എന്നു പൊലീസ് പരിശോധിച്ചില്ല. 

സിഡബ്ല്യുസിക്കു മുന്നില്‍ പറഞ്ഞത് കുട്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ കുറച്ചു മാറ്റി, ഡോക്ടറുടെ മുന്നില്‍ പിന്നെയും മാറ്റി. കുട്ടി ഒരേ മൊഴിയാണ് നല്‍കിയതെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ല. മെഡിക്കല്‍ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. ഇതൊന്നും അന്വേഷണ ഏജന്‍സി പരിഗണിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  

അസാധാരണവും അവിശ്വസനീയവും മനുഷ്യത്വരഹിതവുമായ ആരോപണങ്ങളാണ് മാതാവിനെതിരെ ഉന്നയിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് പ്രാഥമിക അന്വേഷണം നടത്താന്‍ സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കേസില്‍ മാതൃത്വത്തിന്റെ പവിത്രത പൂര്‍ണമായും അവഗണിക്കപ്പെട്ടെന്നു കോടതി പറഞ്ഞു. 9 ചാന്ദ്രമാസങ്ങളാണ് അമ്മ കുട്ടിയെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത്. ജനനത്തിനു മുന്‍പേ അമ്മയും കുട്ടിയുമായുള്ള ബന്ധം തുടങ്ങുകയാണ്.

കുട്ടിയോടുള്ള അമ്മയുടെ ഉപാധികളില്ലാത്ത സ്‌നേഹവും വാത്സല്യവും ഊഷ്മളതയും ലോകത്തിലെ ഒരു സ്‌നേഹത്തോടും താരതമ്യപ്പെടുത്താനാവില്ല. അമ്മയെന്ന പേരിന് അര്‍ഹയായ ഒരു സ്ത്രീയും ലജ്ജാവഹമായ ഇത്തരം പ്രവൃത്തി ചെയ്യില്ലെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com