ജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ല; എല്‍ഡിഎഫ് താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചെന്ന് ചെന്നിത്തല കെപിസിസി യോഗത്തില്‍

ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി
രമേശ് ചെന്നിത്തല കെപിസിസി നേതൃയോഗത്തില്‍ / ഫെയ്‌സ്ബുക്ക് ചിത്രം
രമേശ് ചെന്നിത്തല കെപിസിസി നേതൃയോഗത്തില്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിച്ചതിനാലാണ് എല്‍ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്നും കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. 

ഇനി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ സമയമാണ്. സ്ഥാനാര്‍ത്ഥികളാകാന്‍ ആരും പ്രമേയം ഇറക്കേണ്ട. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ എഐസിസി തലത്തില്‍ പ്രത്യേക സംവിധാനം ഉണ്ട്. കിറ്റിനൊപ്പം ഇടതുപക്ഷം വ്യാജ പ്രചാരണവും നടത്തി. താഴേത്തട്ടില്‍ ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ആയില്ലെന്നും ചെന്നിത്തല തുറന്നു പറഞ്ഞു. 

ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. എഐസിസി നിരീക്ഷകന്‍ അശോക് ഗെഹലോട്ട്, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പ്രസംഗത്തിന് ശേഷമായിരുന്നു രമേശ് ചെന്നിത്തല യോഗത്തില്‍ സംസാരിച്ചത്. 

സ്ഥാനാര്‍ത്ഥി നിര്‍ണയം വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാവിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇക്കാര്യം ആവര്‍ത്തിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഗ്രൂപ്പു പരിഗണന ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com