എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയി, 27 കാരി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2021 08:59 AM  |  

Last Updated: 23rd January 2021 08:59 AM  |   A+A-   |  

love

പ്രതീകാത്മക ചിത്രം

 


മലപ്പുറം : എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റില്‍. തിരൂര്‍ സ്വദേശിനിയായ 27കാരിയെയാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. 

തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസ്, ജ്യേഷ്ഠന്‍ റഫീഖ് എന്നിവര്‍ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. യുവതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാക്കി. 

ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെ കയ്യില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണം വാങ്ങിയാണ് യുവതി പോയത്. ഭര്‍തൃപിതാവിന്റെയും ഭര്‍തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. സംരക്ഷണം നല്‍കേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി, കുട്ടിയുടെ അവകാശം ലംഘിച്ചുവെന്ന് പൊലീസ് പറഞ്ഞു. 

മൊബൈല്‍ഫോണിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് സ്‌നേഹം നടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളായ ഹാരിസിന്റെയും റഫീഖിന്റെയയും രീതിയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഹാരിസിനെയും സഹായങ്ങള്‍ ചെയ്തുകൊടുത്ത സഹോദരന്‍ റഫീഖിനെയും പൊലീസ് തിരയുകയാണ്. 

യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് താമസിപ്പിച്ചത്. ഹാരിസിനും റഫീഖിനും എതിരെ കയ്പമംഗലം, വാടാനപ്പള്ളി, മരട്, കാക്കനാട്, എറണാകുളം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 20 ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.