സർ‌ക്കാർ നയങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാൻ സിപിഎം പ്രവർത്തകർ ഇന്നുമുതൽ വീടുകളിലേക്ക്; ഗൃഹസന്ദർശന പരിപാടി 31 വരെ 

എൽഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾ ജനങ്ങളുമായി ചർച്ചചെയ്യാൻ സംസ്ഥാനത്ത് ഇന്നുമുതൽ സിപിഎം പ്രവർത്തകർ എല്ലാ വീടുകളും സന്ദർശിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:എൽഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾ ജനങ്ങളുമായി ചർച്ചചെയ്യാൻ സംസ്ഥാനത്ത് ഇന്നുമുതൽ സിപിഎം പ്രവർത്തകർ എല്ലാ വീടുകളും സന്ദർശിക്കും. ഈ മാസം 31 വരെയാണ് ​ഗൃഹസന്ദർശന പരിപാടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.

സാമൂഹ്യ സുരക്ഷ, സമഗ്ര വികസനം, മതനിരപേക്ഷത എന്നിവയിലൂന്നിയുള്ള സർക്കാർ നയമാണ്‌ ജനങ്ങളുമായി ചർച്ച ചെയ്യുക. ഭാവിയിൽ നടപ്പാക്കേണ്ട കൂടുതൽ ജനോപകാരപ്രദമായ കാര്യങ്ങളിൽ‌ അഭിപ്രായം സ്വരൂപിക്കാനാണ്‌ പ്രവർത്തകർ വീട്ടിലെത്തുന്നതെന്ന്‌  സംസ്ഥാന സെക്രട്ടറി‌യറ്റ്‌‌ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.   

സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പരിപാടികൾക്ക്  ജനങ്ങൾ‌ നൽകിയ പിന്തുണയാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. കോവിഡ്‌ കാലത്തും പ്രകൃതി ദുരന്ത സമയത്തും എടുത്ത നടപടികൾക്കും വൻ സ്വീകാര്യത ലഭിച്ചു. ഒരുതരം വർഗീയതയുമായും എൽഡിഎഫ്‌ സർക്കാർ സന്ധിചെയ്‌തില്ല. തീവ്ര ഹിന്ദുത്വ ശക്തികൾ ജനങ്ങളെ  ഭിന്നിപ്പിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെ പ്രതിരോധിച്ചു‌. അതിനെ ദുർബലപ്പെടുത്താൻ മതാധിഷ്‌ഠിത രാഷ്‌ട്രീയ കൂട്ടുകെട്ടുകൾക്കാണ്‌ യുഡിഎഫ്‌ തയ്യാറായത്‌. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ്‌ അവർ പ്രവർത്തിച്ചത്‌. അതിനവർ ബിജെപിയുമായി സന്ധി ചെയ്‌തുവെന്നും വിജയരാഘവൻ പറഞ്ഞു.

പ്രതിപക്ഷം ഒരു ഘട്ടത്തിലും സാധാരണക്കാരന്റെ താൽപ്പര്യത്തിനൊപ്പം നിന്നില്ല. ഘടകകക്ഷിയായ ലീഗിനെ ഉപയോഗപ്പെടുത്തി  ജമാ അത്തെ ഇസ്ലാമി പോലുള്ളവരെക്കൂടി സ്വന്തം പക്ഷത്തേ‌ക്ക്‌ കൊണ്ടുവരാൻ ശ്രമിച്ചു.  ഈ അവസരവാദ നീക്കങ്ങളെ കേരളീയ സമൂഹത്തിൽ തുറന്നുകാണിക്കാനും  എൽഡിഎഫ്‌ പ്രചാരണം നടത്തുമെന്നും വിജയരാഘവൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com