മരിച്ചവരുടെ പേരിൽ വർഷങ്ങളോളം പെൻഷൻ വിതരണം, ഉദ്യോ​ഗസ്ഥരിൽ നിന്ന് പലിശ സഹിതം പണം തിരിച്ചുപിടിക്കും

18% പലിശയിലാണ് ഉദ്യോ​ഗസ്ഥരിൽ നിന്ന് പണം ഈടാക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; പെൻഷനിൽ അടക്കം ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥരിൽ നിന്നു പലിശ സഹിതം പണം തിരിച്ചുപിടിക്കാൻ കൃഷി വകുപ്പിന്റെ ഉത്തരവ്. പരേതരുടെ പേരിൽ വർഷങ്ങളോളം കർഷക പെൻഷൻ വിതരണം ചെയ്തതടക്കമുള്ള ക്രമക്കേടുകൾക്കാണ് നടപടി. 18% പലിശയിലാണ് ഉദ്യോ​ഗസ്ഥരിൽ നിന്ന് പണം ഈടാക്കുക. ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാണ് കൃഷിവകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കറുടെ ഉത്തരവ്. 

പരേതരുടെ പേരിൽ പെൻഷൻ കൈപ്പറ്റിയതു മസ്റ്ററിങ്ങിനു മുൻപു വരെയാണെങ്കിൽ അനന്തരാവകാശികൾ പിഴസഹിതം പണം തിരിച്ചടയ്ക്കണം. മസ്റ്ററിങ്ങിനു ശേഷവും വിതരണം തുടർന്നെങ്കിൽ ഉദ്യോഗസ്ഥർ വീട്ടണം. കർഷക പെൻഷൻ വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചു സംസ്ഥാന വ്യാപക പരിശോധന നടത്താൻ കൃഷി വിജിലൻസിനു നിർദേശം നൽകിയിട്ടുണ്ട്.

പ്രിൻസിപ്പൽ കൃഷി ഓഫിസിലും വിവിധ കൃഷി ഭവനുകളിലും നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. പെൻഷൻ ഗുണഭോക്താവ് മരിച്ചവിവരം ഒല്ലൂക്കര കൃഷി ഭവനിൽ രേഖാമൂലം ലഭിച്ചിട്ടും 3 വർഷം പെൻഷൻ വിതരണം തുടർന്നതായി കണ്ടെത്തി. സർക്കാർ അനുമതി കൂടാതെ പെൻഷൻ വിതരണത്തിനു മുൻകാല പ്രാബല്യം നൽകിയതു വഴി 30 ലക്ഷം രൂപയുടെ നഷ്ടവും കണ്ടെത്തിയിരുന്നു. 

ഒരു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള, 60 വയസ്സ് കവിഞ്ഞവർക്കു പ്രതിമാസ പെൻഷൻ നൽകാനുള്ള പദ്ധതി 2012 ൽ ആണ് തുടങ്ങിയത്. ചിലയിടങ്ങളിൽ പെൻഷൻ വിതരണം ചെയ്തു തുടങ്ങിയപ്പോൾ അനധികൃതമായി 2 മാസം മുൻകൂർ പ്രാബല്യം നൽകിയെന്നു കണ്ടെത്തി. ഇത്തരത്തിൽ അനർഹമായി മുൻകാല പ്രാബല്യം അനുവദിച്ചിട്ടുണ്ടെങ്കിൽ 18 ശതമാനം പലിശ സഹിതമാണ് പണം അടക്കേണ്ടത്. സർക്കാർ ഉത്തരവിലെ അവ്യക്തത മൂലമാണ് പെൻഷൻ വിതരണത്തിൽ പാളിച്ച ഉണ്ടായതെങ്കിൽ തുടർ നടപടി ഒഴിവാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com