സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടതില്‍ പ്രതിഷേധം; സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 07:46 PM  |  

Last Updated: 24th January 2021 07:49 PM  |   A+A-   |  

sfa

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലവുമായി പ്രതിഷേധിക്കുന്നു


തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. 

പരാതിക്കാരിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. 

പൊലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല, അതുകൊണ്ടതന്നെ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നതുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. ഇത് കണക്കിലെടുത്താണ് വിജ്ഞാപനം പുറത്തിറക്കിയത്.

അതേസമയം, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഞ്ച് വര്‍ഷമായി ഒരു ചെറുവിരലനക്കാത്തവരാണ് ഇപ്പോള്‍ കേസ് സിബിഐക്ക് വിട്ടത്. കേസ് സിബിഐക്ക് വിട്ട നപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ ഒരു നിയമനടപടിക്കും പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.