പരസ്യ സംവാദത്തിന് തയ്യാറുണ്ടോ?; ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് സോളാര്‍ പീഡനക്കേസ് പരാതിക്കാരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 08:02 PM  |  

Last Updated: 24th January 2021 08:02 PM  |   A+A-   |  

oommen-chandy

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സോളര്‍ പീഡനക്കേസ് പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് പരാതിക്കാരി. തന്നോട് മോശമായി പെരുമാറിയ എല്ലാവരും കേസില്‍ വരും. ജോസ് കെ മാണി അടക്കം 16 പേര്‍ക്കെതിരെ പരാതിയുണ്ട്. ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അതാണ് സിബിഐയ്ക്ക് വിടുക. മറ്റ് പരാതികളില്‍ എഫ്‌ഐആര്‍ വരുന്ന മുറയ്ക്ക് തുടര്‍നടപടിയുണ്ടാകും. ജോസ് കെ മാണിയും അബ്ദുല്ലക്കുട്ടിയും രക്ഷപ്പെടില്ല. തനിക്കു രാഷ്ട്രീയമില്ല. താന്‍ സിപിഎമ്മോ ബിജെപിയോ കോണ്‍ഗ്രസോ അല്ല. താനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു. 

സര്‍ക്കാരിലുള്ള വിശ്വാസക്കേടു കൊണ്ടല്ല സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇത് കേരളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന കേസല്ല. ഡല്‍ഹിയില്‍ കണക്ഷനുണ്ട്. നശിപ്പിക്കപ്പെട്ട തെളിവുകള്‍ വീണ്ടെടുക്കണം എന്നുണ്ടെങ്കില്‍ നമ്മുടെ പൊലീസിന്റെ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചത്. 

പരാതിക്കാരിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. പൊലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല, അതുകൊണ്ടതന്നെ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നതുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. ഇത് കണക്കിലെടുത്താണ് വിജ്ഞാപനം പുറത്തിറക്കിയത്.