പുതുക്കിയ യുജിസി ശമ്പളം അടുത്ത മാസം മുതൽ, 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം, കുടിശിക പിഎഫിൽ

അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സർക്കാർ ഉത്തരവ് ഇറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; സർവകലാശാല, കോളജ് അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സർക്കാർ ഉത്തരവ് ഇറക്കി. പുതുക്കിയ ശമ്പളം അടുത്ത മാസം മുതൽ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ട്. അന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കുടിശിക പിഎഫിൽ ലയിപ്പിക്കും. ഇത് 2140 കോടി രൂപ വരും.

ശമ്പള പരിഷ്കരണം സംബന്ധിച്ചു സർക്കാർ നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിലെ ചില വ്യവസ്ഥകളുടെ കാര്യത്തിൽ അക്കൗണ്ടന്റ് ജനറൽ വിശദീകരണം ചോദിച്ചിരുന്നു. അത്തരം കാര്യങ്ങളിൽ ഭേദഗതി വരുത്തിയാണു പുതിയ ഉത്തരവ്.

പിഎച്ച്ഡി എടുത്ത ശേഷം സർവീസിൽ കയറിയവർക്ക് 5 ഇൻക്രിമെന്റും സർവീസിൽ കയറിയ ശേഷം പിഎച്ച്ഡി എടുത്തവർക്ക് 3 ഇൻക്രിമെന്റും അനുവദിച്ചിരുന്നത് എടുത്തു കളഞ്ഞു. എന്നാൽ 2018 ജൂലൈ 17 വരെ ഈ ഇൻക്രിമെന്റിനു പ്രാബല്യം നൽകിയിട്ടുണ്ട്. അതിനു ശേഷം നൽകിയ ഇൻക്രിമെന്റ് തുക തൽക്കാലം തിരികെ പിടിക്കില്ല. ഇതു കുടിശിക തുകയിൽ നിന്ന് ഈടാക്കണമോയെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ അഭിപ്രായം തേടും. 

യുജി,പിജി കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് യുജിസി ശമ്പള പരിഷ്കരണത്തിൽ വ്യത്യസ്ത ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത് ഒഴിവാക്കി. പ്രിൻസിപ്പൽമാർക്ക് സ്ഥലം മാറ്റം വരുമ്പോൾ ശമ്പളത്തിലും മാറ്റം വരും എന്നതിനാലാണിത്. സംസ്ഥാനത്തെ എല്ലാ കോളജുകളെയും പിജി കോളജ് ആയി കണക്കാക്കി പ്രിൻസിപ്പൽമാർക്ക് അതിനനുസരിച്ചുള്ള ശമ്പളം നൽകും. ഇൻഡക്സ് ഓഫ് റാഷനലൈസേഷൻ എടുത്തു കളഞ്ഞു. ശമ്പള പരിഷ്കരണ ചെലവിന്റെ 50% കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കും. 2017 നവംബറിലാണു യുജിസി ശമ്പള പരിഷ്കരണം കേന്ദ്രം പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com