കളമശേരിയില്‍ ജയസാധ്യത 'തനിക്ക് തന്നെ'; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2021 04:54 PM  |  

Last Updated: 25th January 2021 04:54 PM  |   A+A-   |  

PALARIVATTOM FLYOVER BRIBE CASE

ഇബ്രാഹിംകുഞ്ഞ്/ ടെലിവിഷന്‍ ചിത്രം

 

കൊച്ചി: പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് മന്ത്രി പ്രതികരിച്ചത്.

മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ മത്സരിക്കും. കേസിന്റെ പശ്ചാത്തലത്തില്‍ കളമശേരിയില്‍ പാര്‍ട്ടി മത്സരിച്ചാല്‍ തിരിച്ചടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരിക്കലും തോല്‍ക്കില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. നേരത്തെയും മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴൊന്നും തോറ്റിട്ടില്ല. മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയും മുന്നണിയുമാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഉറപ്പായും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ചെയ്തത് തെറ്റാണ് എന്ന് തോന്നിയിരുന്നുവെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേനെ. എന്നാല്‍ അത് ഉണ്ടായില്ല. മുന്‍ സര്‍ക്കാരുകള്‍ ചെയ്്തത് പോലെ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുക മാത്രമാണ് തന്റെ കാലത്ത് ചെയ്തത്. സിമന്റില്ലാത്തതിനും കമ്പിയില്ലാത്തതിനുമല്ല തനിക്കെതിരെ കേസെടുത്തത്. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിനാണ് തനിക്കെതിരെ കേസ്. തന്റെ മനസാക്ഷി ശുദ്ധമാണ്. അതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

തന്റെ അറസ്റ്റിന്റെ കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. അത് എങ്ങനയൊണ് അറിയാന്‍ സാധിക്കുക. അത്രയും രഹസ്യമായല്ലേ അവര്‍ നീക്കം നടത്തിയത്. അവര്‍ രഹസ്യമായി പ്ലാന്‍ ചെയ്ത പദ്ധതിയാണ്. തിരക്കഥ അനുസരിച്ചാണ് അവര്‍ പെരുമാറിയത്. ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞുനിന്ന സമയത്തായിരുന്നു അവരുടെ അറസ്റ്റ് നീക്കം. ഒരു സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന എസ്എച്ച്ഒയും റൈറ്ററും ഉണ്ടെങ്കില്‍ എത്ര വലിയ ആള്‍ക്കെതിരെയും കേസെടുക്കാന്‍ കഴിയുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.