ഒടുവില്‍ കേന്ദ്രം തിരുത്തി; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരെയും എംപിമാരെയും ഉള്‍പ്പെടുത്തി

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജനപ്രിതിനിധകളെ ഒഴിവാക്കിയ നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തി 
ആലപ്പുഴ ബൈപ്പാസില്‍ കൂടി കടന്നുവരുന്ന മന്ത്രി ജി സുധാകരന്റെ വാഹനം/ ഫെയ്‌സ്ബുക്ക്‌
ആലപ്പുഴ ബൈപ്പാസില്‍ കൂടി കടന്നുവരുന്ന മന്ത്രി ജി സുധാകരന്റെ വാഹനം/ ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജനപ്രിതിനിധികളെ ഒഴിവാക്കിയ നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തി. ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയവരെക്കൂടി ഉള്‍പ്പെടുത്തി കേന്ദ്രം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തിരുത്തല്‍ നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മന്ത്രിമാരായ പി തിലോത്തമന്‍, തോമസ് ഐസക്, എംപിമാരായ എ എം ആരിഫ്, കെ സി വേണുഗോപാല്‍ എന്നിവരെ കേന്ദ്രം ചടങ്ങില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നടപടി വിവാദമായതിന് പിന്നാലെ പുതിയ അറിയിപ്പ് ഇറക്കുകയായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് ഇവരെ ഒഴിവാക്കിയത്. കേന്ദ്രത്തിന്റേത് രാഷ്ട്രീയ നടപടിയാണെന്ന് ആരോപിച്ച് ഇടതുമുന്നണിയും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. 

ജില്ലയില്‍ നിന്നുളള മന്ത്രിമാരായ  തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരെ ഉദ്ഘാടന ചടങ്ങളില്‍ ഉള്‍ക്കൊളളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എംപി എ എം ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ സി വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. 

എന്നാല്‍ നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിര്‍ദേശത്തില്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തുനല്‍കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com