'പിവി അൻവർ എംഎൽഎയെ കാണാനില്ല; ഒരു മാസത്തിലധികമായി യാതൊരു വിവരവുമില്ല'- യൂത്ത് കോൺ​ഗ്രസ് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2021 04:09 PM  |  

Last Updated: 26th January 2021 04:15 PM  |   A+A-   |  

PV Anwar MLA missing

പിവി അൻവർ എംഎൽഎ/ ഫെയ്സ്ബുക്ക്

 

മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രവർത്തകർ പൊലീസിൽ പരാതി നൽകി. നിലമ്പൂർ പൊലീസ് പരാതി നേരിട്ട് സ്വീകരിക്കാത്തതിനാൽ ഇ മെയിലായാണ് നൽകിയത്. 

കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎൽഎയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നിയമസഭാ സമ്മേളനത്തിൽ എംഎൽഎ പങ്കെടുത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ സിഎൻജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാൻ എംഎൽഎ ഓഫീസിലെത്തിയപ്പോൾ സ്ഥലത്തില്ലെന്നാണ് അറിയിച്ചത്. ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎൽഎ ക്വാർട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. 

അന്വേഷിച്ച് എംഎൽഎയെ കണ്ടെത്തണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ പ്രസിഡന്റ് മൂർഖൻ ഷംസുദ്ദീനാണ് പരാതി നൽകിയിരിക്കുന്നത്.