തലസ്ഥാനത്ത് തുടരണമെന്ന് ഘടകകക്ഷികളോട് യുഡിഎഫ്; കേരള യാത്രയ്ക്ക് മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ നീക്കം; കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ലീഗ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2021 07:26 AM  |  

Last Updated: 26th January 2021 07:35 AM  |   A+A-   |  

udf leaders

പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് മുമ്പ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് ശ്രമം. ഇതിന്റെ ഭാഗമായി ഘടകകക്ഷികളുമായി അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. അതിരഹസ്യമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

മുസ്ലിം ലീഗുമായി രണ്ട് റൗണ്ട അനൗപചാരിക ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവരം പുറത്തായാല്‍ ചര്‍ച്ച മാറ്റിവെക്കുമെന്നാണ് കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ചെന്നിത്തലയുടെ കേരള യാത്ര ജനുവരി 31 ന് ആരംഭിക്കുന്നതിനാല്‍ അതിന് മുമ്പ് ഏകദേശ ധാരണ ഉണ്ടാക്കാനാണ് ശ്രമം. 

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മധ്യത്തോടെ ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ പശ്ചാത്തലത്തില്‍ സീറ്റ് ചര്‍ച്ചകള്‍ക്കായി ജനുവരി 30 വരെ നേതാക്കള്‍ ഏത് സമയത്തും തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ഘടകകക്ഷികള്‍ക്ക് മുന്നണി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ആകെയുള്ള 140 സീറ്റുകളില്‍ കോണ്‍ഗ്രസ് 87, മുസ്ലിം ലീഗ് 24, കേരള കോണ്‍ഗ്രസ് എം-15, ലോക് താന്ത്രിക് ജനതാദള്‍-7, ആര്‍എസ്പി-5, കേരള കോണ്‍ഗ്രസ് ജേക്കബ് - ഒന്ന്, സിഎംപി -ഒന്ന് എന്നിങ്ങനെയാണ് കഴിഞ്ഞ തവണ മല്‍സരിച്ചത്. ഇതില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗവും എല്‍ജെഡിയും ഇടതുമുന്നണിയിലെത്തി. പകരം ഫോര്‍വേഡ് ബ്ലോക്ക് യുഡിഎഫ് ഘടകകക്ഷിയുമായി. 

ഇത്തവണ 30 സീറ്റുകള്‍ വേണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. ഒന്നോ രണ്ടോ സീറ്റ് അധികം ലഭിച്ചേക്കുമെന്നാണ് സൂചന. പാര്‍ട്ടി പിളര്‍ന്നെങ്കിലും, കഴിഞ്ഞ ലഭിച്ച 15 സീറ്റുകളും വേണമെന്നാണ് പിജെ ജോസഫിന്റെ ആവശ്യം. പുതിയ സഖ്യകക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കിയേക്കും. സിഎംപിക്ക് ഒരു സീറ്റു കൂടി നല്‍കുന്നതും പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.