23,606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു;നൂറുദിന പദ്ധതിയുടെ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍ / ഫയല്‍
പിണറായി വിജയന്‍ / ഫയല്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബര്‍ 17ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം 9 പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.

100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍തന്നെ പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാണെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1400 രൂപയില്‍ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതല്‍ 1500 രൂപയാക്കിയ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും.

16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി.100 ദിന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇപ്പോള്‍ തുടക്കം കുറിച്ച പരിപാടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാലും പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം.

ആരോഗ്യവകുപ്പില്‍ പുതുതായി 49 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടാതെ 53 ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് സൗകര്യവും പുതിയ ഒ.പി. ബ്ലോക്കും ആരംഭിക്കും.

സ്ത്രീ സുരക്ഷയ്ക്കുള്ള സംയോജിത സ്ത്രീസുരക്ഷ ആപ്പ് പൊലീസ് വകുപ്പ് ഉടനെ പുറത്തിറക്കും. തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണയും പിന്തുണയും നല്‍കാനുള്ള പോലീസ് വകുപ്പിന്റെ വികെയര്‍ പദ്ധതിയും താമസിയാതെ ആരംഭിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ 13 കോളേജുകളിലും എം.ജി. സര്‍വകലാശാല കാമ്പസിലുമായി കിഫ്ബി വഴി 205 കോടി രൂപയുടെ നിര്‍മാണം ഈ കാലയളവില്‍ ആരംഭിക്കും. എയ്ഡഡ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കും. കയര്‍ മേഖലയില്‍ വിര്‍ച്വല്‍ കയര്‍മേള ഫെബ്രുവരിയില്‍ നടക്കും. കയര്‍ കോമ്പോസിറ്റ് ഫാക്ടറിയില്‍ ബൈന്റര്‍ലെസ് ബോര്‍ഡ് നിര്‍മിക്കുന്ന ലോകത്തെ ആദ്യ പ്ലാന്റിന്റെ ഉദ്ഘടാനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com