ജസ്റ്റിന്റെ സങ്കടം മുഖ്യമന്ത്രി കണ്ടു, പുതുപുത്തൻ സൈക്കിളുമായി കളക്ടർ വീട്ടിലെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2021 07:15 AM  |  

Last Updated: 27th January 2021 07:15 AM  |   A+A-   |  

kottayam_collecter_bought_new_cycle

കോട്ടയം കളക്ടർ എം.അഞ്ജന സൈക്കിളുമായി സുനീഷിന്റെ വീട്ടിലെത്തിയപ്പോൾ/ ചിത്രം: ഫേസ്ബുക്ക്

 

കോട്ടയം: ആശിച്ചു വാങ്ങിയ സൈക്കിൾ വീട്ടുമുറ്റത്തുനിന്ന് മോഷണം പോയതിന്റെ സങ്കടത്തിലായിരുന്നു ഒൻപതു വയസുകാരൻ ജസ്റ്റിൻ. ഭിന്നശേഷിക്കാരനായ സുനീഷ് മകന് വാങ്ങിക്കൊടുത്ത പുതുപുത്തൻ സൈക്കിളാണ് മോഷണംപോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണ്ടാൽ വിളിച്ചറിയിക്കണമെന്ന് അഭ്യർഥിച്ച് സുനീഷ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഒടുവിൽ ഇന്നലെ ഉച്ചയ്ക്ക് കണിച്ചേരിൽ വീട്ടിലേക്ക് പുത്തൻ സൈക്കിളെത്തി.

കാണാതായ സൈക്കിളിൻറെ അതേ നിറത്തിലുള്ള പുത്തൻ സൈക്കിൾ സ്വന്തമായപ്പോൾ ജസ്റ്റിന്റെ മുഖത്ത് ചിരി വിടർന്നു. സൈക്കിൾ മോഷണം പോയതിനെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതനുസരിച്ച് കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജനയാണ് സൈക്കിൾ എത്തിച്ചുനൽകിയത്.

കൈക്കും കാലിനും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. എങ്കിലും വൈകല്യത്തിനു മുൻപിൽ മനസ്സു തളരാതെ സ്വന്തമായി സ്ഥാപനം നടത്തി വരികയാണ് ഇദ്ദേഹം. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടൻ കോട്ടയത്തു നിന്ന് സൈക്കിൾ വാങ്ങി കളക്ടർ സുനീഷിൻറെ വീട്ടിൽ എത്തുകയായിരുന്നു.