എല്‍ഡിഎഫ് ജാഥകള്‍ ഫെബ്രുവരി 13,14 മുതല്‍ ; വിജയരാഘവനും ബിനോയ് വിശ്വവും ജാഥാ ക്യാപ്റ്റന്മാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2021 12:25 PM  |  

Last Updated: 27th January 2021 12:48 PM  |   A+A-   |  

cpm leader vijayaraghavan

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എല്‍ഡിഎഫ് ജാഥ ഫെബ്രുവരി 13,14 തിയതികളില്‍ ആരംഭിക്കും. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും സിപിഐ നേതാവ് ബിനോയ് വിശ്വവുമാകും ജാഥകള്‍ നയിക്കുക. വടക്കന്‍ മേഖല ജാഥ വിജയരാഘവനും തെക്കന്‍ മേഖല ജാഥ ബിനോയി വിശ്വവും നയിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 

സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ജാഥ നയിക്കാനാണ് മുന്നണി യോഗം തീരുമാനിച്ചത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്മാറി. തുടര്‍ന്ന് ജാഥ നയിക്കാന്‍ പാര്‍ട്ടി നേതാവ് ബിനോയ് വിശ്വത്തെ സിപിഐ പ്രതിനിധിയായി നിശ്ചയിക്കുകയായിരുന്നു. 

വടക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 13 ന് കാസര്‍കോട് നിന്ന് ആരംഭിക്കും. തെക്കന്‍ മേഖലാ ജാഥ 14 ന് എറണാകുളത്ത് നിന്നും തുടങ്ങും. ഫെബ്രുവരി 26ന് ജാഥ അവസാനിക്കും. തൃശൂരിലും തിരുവനന്തപുരത്തും ആയിട്ടായിരിക്കും ജാഥകളുടെ സമാപനം. 

ഇന്നത്തെ ഇടതു മുന്നണി യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയായില്ല. അതു പിന്നീടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന മാണി സി കാപ്പന്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. ശരദ് പവാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ എല്‍ഡിഎഫ് യോഗത്തിനുള്ളൂവെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.
 

ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങാനും തീരുമാനമായി. ഇതിന്റെ ഭാഗമായി എല്‍ഡിഎഫ് യോഗത്തിന് പിന്നാലെ സിപിഎം സിപിഐ സംസ്ഥാന സെക്രട്ടറിമാരും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ചര്‍ച്ച നടത്തി. എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.