ലൈഫ് സമാനതകളില്ലാത്ത പദ്ധതി ; അപവാദം ഭയന്ന് ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2021 12:13 PM  |  

Last Updated: 28th January 2021 12:20 PM  |   A+A-   |  

cm pinarayi vijayan

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം/ ഫെയ്‌സ് ബുക്ക് ലൈവില്‍ നിന്ന്

 

തിരുവനന്തപുരം : സാധാരണക്കാരന്റെ ജീവിതെ മെച്ചപ്പെടുത്തുന്ന സമാനതകളില്ലാത്ത പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കാഞ്ചേരി പദ്ധതിയില്‍ അനാവശ്യ വിവാദം ഉണ്ടായി. ജനങ്ങള്‍ക്ക് നേട്ടം ഉണ്ടാകുന്നതിനെ അപഹസിക്കുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇടിച്ചുതാഴ്ത്താന്‍ ശ്രമം ഉണ്ടായി. ഒരു കൂട്ടരുടെ അപവാദ പ്രചാരണങ്ങളെ ഭയന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. അപവാദം ഭയന്ന് ജനങ്ങള്‍ക്ക് സഹായകമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്  രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം എന്നാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കിടന്നുറങ്ങാന്‍ വീടില്ലാത്തവര്‍ക്ക് വീടൊരുക്കുക എന്നുള്ളത്. പാവങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുക എന്ന നയത്തിന്റെ ഏറ്റവും മികച്ച ഗുണഫലമാണ് ലൈഫ് മിഷനിലൂടെയുള്ള വീട് നിര്‍മ്മാണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ലൈഫ് മിഷന്‍ ഉദ്ദേശിച്ചത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ്. ആരുടെ മുന്നിലും തലയുയര്‍ത്തി നടക്കാന്‍ പറ്റുക എന്നതാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നത്. അടച്ചുറപ്പുള്ള വീടുകളാണ് ലൈഫ് മിഷനിലൂടെ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ജീവനോപാധി കൂടി ഉറപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുക. സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായ നിരവധി പേര്‍ക്കുണ്ട്. അവര്‍ക്ക് വീടും സ്ഥലവും നല്‍കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ രൂപീകരിച്ച കാലത്തു തന്നെ വികസനം എങ്ങനെ വേണമെന്ന് സര്‍ക്കാര്‍ ആലോചിച്ചു. ഇതിന്റെ ഭാഗമായാണ് നാലു മിഷനുകള്‍ പ്രഖ്യാപിച്ചത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ലൈഫ് മിഷന്‍. പൊതുവിദ്യാഭ്യാ മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതി വന്‍ വിജയമായി. സര്‍ക്കാര്‍ വരുമ്പോള്‍ പൊതു വിദ്യാഭ്യാസ മേഖല തകര്‍ന്നു പോകുന്ന ഘട്ടത്തിലായിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കിയതോടെ, 6,80000 കുട്ടികള്‍ ഈ കാലയളവില്‍ വന്നുചേര്‍ന്നു. 

ലോകമാകെ കോവിഡ് മഹാമാരിയുടെ മുന്നില്‍ പകച്ചു നിന്നപ്പോഴും സംസ്ഥാനത്തിന് ഒരു പതര്‍ച്ചയും ഇല്ലാതെ കോവിഡിനെ നേരിടാന്‍ കഴിഞ്ഞു. അതിന് ഇടയാക്കിയത് ആരോഗ്യമേഖലയുടെ സുരക്ഷിതത്വവും കരുത്തുമാണ്. ഇതിന് ആര്‍ദ്രം മിഷന്‍ വഹിച്ച് പങ്ക് ചെറുതല്ല. ഹരിത കേരളമിഷന്റെ ഭാഗമായി നാട്ടിലാകെ പൊതുവെ ശുചിത്വം, നല്ല വെള്ളം, നല്ല ഭക്ഷണസമ്പ്രദായം തുടങ്ങിയവ കൊണ്ടുവരാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.