കെ സി വേണുഗോപാലിനെ ക്ഷണിച്ചില്ല ; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2021 12:40 PM  |  

Last Updated: 28th January 2021 12:40 PM  |   A+A-   |  

congress protest

കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് / ടെലിവിഷന്‍ ചിത്രം

 

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഉദ്ഘാടന ചടങ്ങിലേക്ക് ജനപ്രതിനിധികളെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തിലാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ കളര്‍കോട് വെച്ച് പൊലീസ് തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ഉദ്ഘാടനം നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധം. 

ആലപ്പുഴ മുന്‍ എംപി കെ സി വേണുഗോപാലിനെയും മറ്റ് ജനപ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ആലപ്പുഴ ബൈപ്പാസിന്റെ യഥാര്‍ത്ഥ ശില്‍പ്പി കെ സി വേണുഗോപാല്‍ ആണെന്ന് ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു. 

തങ്ങളാണ് ഈ പാലം നിര്‍മ്മിച്ചതെന്നാണ് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. സുധാകരന്‍ എട്ടുകാലി മമ്മൂഞ്ഞാണ്. തന്‍ പ്രമാണിത്തം കാണിക്കുന്ന സുധാകരന് മുന്നില്‍ ആരിഫ് എംപി തൊമ്മിയെപ്പോലെ ഓച്ഛാനിച്ച് നില്‍ക്കുമായിരിക്കും. തോമസ് ഐസക്കും വിനീതവിധേയനായി നില്‍ക്കുമായിരിക്കും. പക്ഷെ കോണ്‍ഗ്രസുകാരെ അതിന് കിട്ടില്ലെന്നും ലിജു പറഞ്ഞു. 

ഉദ്ഘാടന ചടങ്ങിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാവരുടെയും പേര് നിര്‍ദേശിച്ചിരുന്നുവെന്ന് മന്ത്രി ജി സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ലിസ്റ്റ് കേന്ദ്രത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ കേന്ദ്രമാണ് ലീസ്റ്റ് വെട്ടി തിരുത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.