നിരീക്ഷണത്തിന് 25,000 പൊലീസുകാരെ വിന്യസിക്കും, ആള്‍ക്കൂട്ടവും രാത്രിയാത്രയും ഒഴിവാക്കണം; കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.  കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

 കോവിഡ് വ്യാപനം തടയാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും.ബസ് സ്റ്റാന്‍ഡ്, ഷോപ്പിംഗ് മാള്‍ അടക്കം ഉള്ള സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തും . മാസ്‌കും സാമൂഹ്യ അകലവും ഉറപ്പാക്കും. നാളെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ പൊതുസ്ഥലങ്ങളില്‍ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ഉണ്ടായിരുന്നു. അവര്‍ ഫലപ്രദമായാണ് പ്രവര്‍ത്തിച്ചിരുന്നത്. രോഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വാര്‍ഡ് തല സമിതി കോവിഡ് വ്യാപനം തടയാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വാര്‍ഡ് തല സമിതി നീര്‍ജീവമായിരുന്നു. ഇപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികള്‍ പുനരുജ്ജീവിപ്പിക്കും. 

 ജനങ്ങള്‍ കൂട്ടം ചേരുന്ന മാളുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും. ഇതേ പോലെ കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണം. അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അടച്ചിട്ട ഹാളുകള്‍ക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വച്ചു വേണം പരിപാടി നടത്താന്‍.

കോവിഡിന് ശേഷം നടന്ന വിവാഹങ്ങളില്‍ കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇതു അനുവദിക്കാനാവില്ല. രാത്രി 10മണിക്ക് ശേഷം ഉള്ള യാത്ര അത്യാവശ്യത്തിനു മാത്രം പരിമിതപ്പെടുത്തണം

കേരളത്തിലെ ആരോഗ്യവകുപ്പിന് കൈകാര്യം ചെയ്യാത്ത രീതിയില്‍ ഇതുവരെ ഇവിടെ രോഗവ്യാപനമുണ്ടായിട്ടില്ല. യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ നിര്‍ഭയം ജനങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കും. ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമ്മുക്ക് പ്രതിരോധിക്കാനുണ്ട്. ആന്റിജന്‍ ടെസ്റ്റുകളെ സര്‍ക്കാര്‍ കൂടുതലായി ആശ്രയിക്കുന്നു എന്നൊരു പരാതിയുണ്ട്. എന്തായാലും കോവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമാക്കാനും അതില്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ വഴിയാക്കാനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com