'വാതുറന്നാല്‍ വര്‍ഗീയത മാത്രം;  ഞങ്ങളെ പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല'; വിജയരാഘവന് എതിരെ ചെന്നിത്തല

മുസ്ലിം ലീഗിന് എതിരെ വിമര്‍ശനം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് എതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: മുസ്ലിം ലീഗിന് എതിരെ വിമര്‍ശനം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് എതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘയന്‍ വാതുറന്നാല്‍ വര്‍ഗീയത മാത്രമേ പറയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ മുസ്ലിം ലീഗുമായുള്ള ചര്‍ച്ചകള്‍ പുതിയ കാര്യമല്ല.  ആ ചര്‍ച്ചയെ ഇന്നലെ വര്‍ഗീയ വത്കരിക്കാനാണ് ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ ശ്രമിച്ചത്. വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന ഇടത് മുന്നണി കണ്‍വീനറായി വിജയരാഘവന്‍ മാറിയിരിക്കുന്നു. മുഖ്യമന്ത്രിയും ഇടത് കണ്‍വീനറും ചേര്‍ന്ന് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇതേ മുസ്ലിം ലീഗുമായി തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിന് മതമൗലിക വാദം ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തുടങ്ങിവച്ച വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.- ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. രണ്ട് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചാരണം നടത്താനും സിപിഎമ്മിന് മടിയില്ല. യുഡിഎഫ് മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ വളര്‍ന്നിട്ടില്ല.- അദ്ദേഹം പറഞ്ഞു. 

മലപ്പുറം പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹംആരോപിച്ചു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.സമഗ്രമായ അന്വേഷണം നടത്തണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ സിപിഎം നിരന്തരം അക്രമം നടത്തിവരികയായിരിന്നു. എം ഉമ്മര്‍ എംഎല്‍എ അടക്കം പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അന്ന് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.- ചെന്നിത്തല പറഞ്ഞു. 

കേരളത്തില്‍ ആദ്യമായാണ് വീട് വെച്ചുകൊടുക്കുന്നത് എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത് എന്ന് ലൈഫ് മിഷന്റെ രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. യുഡിഎഫിന്റെ കാലത്ത് 4,25000ല്‍ അധികം വീടുകള്‍ വെച്ചുനല്‍കി. ഏത് സര്‍ക്കാര്‍ വീട് വെച്ചുകൊടുത്താലും നല്ല കാര്യമാണ്. വലിയ വീമ്പ് പറയേണ്ട കാര്യമൊന്നുമില്ല, കഴിഞ്ഞ സര്‍ക്കാര്‍ ഇതിലധികം വീടുകള്‍ വെച്ചുനല്‍കിയിട്ടുണ്ട്- ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com