പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം ; ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2021 06:48 AM  |  

Last Updated: 28th January 2021 06:50 AM  |   A+A-   |  

alappuzha bypass

ആലപ്പുഴ ബൈപ്പാസ്- മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

 

ആലപ്പുഴ : അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങിൽ പങ്കെടുക്കും.

ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആക‍ർഷണം. ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം.ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.

ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിർമാണോദ്ഘാടനം. 2001 ൽ ഒന്നാംഘട്ടം പൂർത്തിയായി. 2004 ൽ രണ്ടാംഘട്ടനിർമാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പ് അടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന്  നിർമ്മാണം വൈകുകയായിരുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ നീളം. അതില്‍ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 172 കോടി വീതമാണ് പദ്ധതിക്കായി ചെലവിട്ടത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനും ജംഗ്ഷനുകളുടെ നവീകരണത്തിനുമായി സംസ്ഥാനം 25 കോടി അധികമായും ചെലവാക്കിയിട്ടുണ്ട്.