മുഖംമൂടി ധരിച്ച് വീട്ടിലെത്തി മാല മോഷ്ടിക്കാൻ ശ്രമം; ചെറുത്തു നിന്ന് പെൺകുട്ടി; ആക്രമിച്ച് സ്വർണ മോതിരവുമായി ഓടി രക്ഷപ്പെട്ട് കള്ളൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2021 08:40 PM  |  

Last Updated: 28th January 2021 08:40 PM  |   A+A-   |  

The thief attacked

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് പെൺകുട്ടിയെ ആക്രമിച്ച് സ്വർണ മോതിരം കവർന്നു. കാട്ടാക്കട  മംഗലയ്ക്കൽ രാധിക ഭവനിൽ അനിൽ കുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അനിൽകുമാറിന്റെ മകൾ ബിഎഡ് വിദ്യാർഥിനിയായ ആര്യയുടെ സ്വർണ മോതിരമാണ് നഷ്ടപ്പെട്ടത്.

സംഭവം നടക്കുന്ന സമയത്ത് ആര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കൾ സമീപത്തെ ഒരു മരണ വീട്ടിൽ പോയിരിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് കത്തി കൊണ്ട് ആര്യയുടെ മാല പൊട്ടിച്ചെടുക്കാനാണ് ആദ്യം ശ്രമിച്ചത്. പെൺകുട്ടി ഇത് ചെറുത്തതോടെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞു മാറിയതിനാൽ കട്ടിലിലാണ് കുത്ത് കൊണ്ടത്. നിലത്തുവീണ ആര്യ കസേര കൊണ്ട് അക്രമിയെ തല്ലി വീഴ്ത്താൻ ശ്രമിച്ചു. എന്നാൽ ഇയാൾ ആര്യയെ തള്ളിയിട്ട് സ്വർണ മോതിരം കൈക്കലാക്കി ഓടി രക്ഷപ്പെടുകയായിരുന്നു.

കറുത്ത ടീഷർട്ടും കറുത്ത പാന്റ്സും ധരിച്ചെത്തിയ പൊക്കം കുറഞ്ഞ ആളാണ് ആക്രമണം നടത്തി കവർച്ച നടത്തിയതെന്ന് ആര്യ പറഞ്ഞു. ഇയാൾ മുഖംമൂടിയും കൈയുറകളും കാലുകളിൽ സോക്സും ധരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.