കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500; ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2021 04:56 PM  |  

Last Updated: 29th January 2021 05:27 PM  |   A+A-   |  

salray revision

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം വര്‍ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 ആക്കണമെന്നുള്ള ശുപാര്‍ശ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നിലവില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയാണ്. ഇതാണ് 23,000 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്. കൂടിയ അടിസ്ഥാന ശമ്പളം 1,66,800 രൂപയാക്കി ഉയര്‍ത്തണം.വീട്ടു വാടക ബത്ത വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കോര്‍പറേഷന്‍ പരിധിയില്‍ 10 ശതമാനമാക്കണം. ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുന്‍സിപ്പാലിറ്റികളില്‍ എട്ടു ശതമാനവും മറ്റു മുന്‍സിപ്പാലിറ്റികളില്‍ ആറു ശതമാനവും നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. പഞ്ചായത്ത് പരിധിയില്‍ ഇത് അടിസ്ഥാന ശമ്പളത്തിന്റെ നാലുശതമാനമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

കുറഞ്ഞ പെന്‍ഷന്‍ 11,500 ആക്കാനും കൂടിയ പെന്‍ഷന്‍ 83,400 ആക്കി പരിഷ്‌കരിക്കാനും ശുപാര്‍ശ ചെയ്തു. വില്ലേജ് ഓഫീസര്‍മാര്‍ക്ക് 
1500 രൂപ സ്‌പെഷ്യല്‍ അലവന്‍സ് നല്‍കണം. അടുത്ത ശമ്പള പരിഷകരണം 2026 ജനുവരിയ്ക്ക് ശേഷം മാത്രമേ നടത്താവൂ. തുല്യത ഉറപ്പാക്കാന്‍ 2026ലെ കേന്ദ്ര ശമ്പള പരിഷ്‌കരണത്തിന് കാത്തുനില്‍ക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. നിലവില്‍ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ശമ്പള പരിഷ്‌കരണം നടത്തുന്നത്. ഇതനുസരിച്ച 2024ല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതാണ്. എന്നാല്‍ രണ്ടുവര്‍ഷം കൂടി നീ്ട്ടിവെയ്ക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്്തത്.

ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റിയൂവിറ്റി തുക വര്‍ധിപ്പിക്കാം. നിലവില്‍ 14 ലക്ഷമാണ് ഗ്രാറ്റിയുവിറ്റിയായി നല്‍കുന്നത്. ഇത് 17 ലക്ഷമാക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു.എണ്‍പത് വയസ് കഴിഞ്ഞവര്‍ക്ക് മാസം ആയിരം രൂപ അധിക ബത്തയായി നല്‍കണം. പെന്‍ഷന്‍ തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം മാറ്റാന്‍ നിര്‍ദേശിച്ചു. അവസാനം ലഭിച്ച ശമ്പളത്തിന്റെ പകുതിയാക്കി പെന്‍ഷന്‍ തുക പുതുക്കി നിശ്ചയിക്കാനാണ് ശുപാര്‍ശ ചെയ്തത്. പിതൃത്വ അവധി 10 ദിവസം 15 ആക്കണം. പാര്‍ട്ട് ടൈം കണ്ടിജെന്റ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും ശുപാര്‍ശ ചെയ്തു. കുറഞ്ഞ ശമ്പളം 11,500 ഉം കൂടിയ ശമ്പളം 22,970 രൂപയായും ഉയര്‍ത്താനും ശുപാര്‍ശ ചെയ്തു. 

റിസോഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ഒരു വര്‍ഷം കൂടി നീ്ട്ടാന്‍ ശുപാര്‍ശ ചെയ്തു. നിലവിലെ സാഹചര്യത്തില്‍ വരുന്ന സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് 5000 കോടിയിലധികം രൂപ വേണ്ടി വരും. വിരമിക്കല്‍ ഒരു വര്‍ഷം കൂടി നീട്ടിയാല്‍ സര്‍ക്കാരിന് ബാധ്യത കുറയും. നിലവില്‍ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് 4810 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.