ഓട്ടോ നിറയെ 'പൂന്തോട്ട'വുമായി മോഷ്ടാവ് ; അമ്പരന്ന് ജയിൽ ഉദ്യോ​ഗസ്ഥൻ , പിന്നീട് സംഭവിച്ചത്...

ജയിലിൽ അതൊന്നും വേണ്ടെന്ന് പറയൂ, പൊലീസിനെ വിളിക്കൂ..’’ എന്നായിരുന്നു മറുപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ പ്രത്യേക സമ്മാനവുമായി മോഷ്ടാവ് എത്തി. അതിരാവിലെ ആരോ മുട്ടിവിളിക്കുന്നതു കേട്ടാണ് കാവൽക്കാരൻ ​ഗേറ്റ് തുറന്ന് നോക്കിയത്. ഒന്നരമാസം ജയിലിൽ കഴിഞ്ഞശേഷം ഡിസംബറിൽ ജാമ്യത്തിലിറങ്ങിയ തുരപ്പൻ എന്നറിയപ്പെടുന്ന സന്തോഷാണ് പൊലീസ് അകമ്പടിയില്ലാതെ തനിയെ ജയിലിന് പുറത്തു നിൽക്കുന്നത്. 

അമ്പരന്നു നിന്ന ഉദ്യോ​ഗസ്ഥനോട് സന്തോഷ് പറഞ്ഞു. ‘ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. നല്ല ചെടികൾ. വില കൊടുത്ത് വാങ്ങിയതാണ്...’ എന്തുചെയ്യണമെന്നറിയാതെ കാവൽക്കാരൻ സൂപ്രണ്ടിനെ ഫോണിൽ വിളിച്ചു. തുരപ്പൻ ഒരു ഗുഡ്‌സ് ഓട്ടോ നിറയെ ചെടികൾ കൊണ്ടുവന്നിരിക്കുന്നു എന്നറിയിച്ചു. 

ജയിലിൽ അതൊന്നും വേണ്ടെന്ന് പറയൂ, പൊലീസിനെ വിളിക്കൂ..’’ എന്നായിരുന്നു മറുപടി. സംഗതി പന്തിയല്ലെന്നു കണ്ട സന്തോഷ് വണ്ടി സ്റ്റാർട്ടാക്കി അല്പമകലെ ജയിൽവളപ്പിൽ ചെടിച്ചട്ടികൾ ഇറക്കി രക്ഷപ്പെട്ടു. സൂപ്രണ്ട് അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയ്ക്കൊടുവിൽ പറശ്ശിനിപ്പാലത്തിനടുത്തുവെച്ച് ഓട്ടോ പിടികൂടി. മൂന്നുപേർ ഓടിരക്ഷപ്പെട്ടുവെന്നാണ് സൂചന. 

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. പെരിങ്ങോം മാത്തിൽ വൈപ്പിരിയത്തെ ഒരു കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപ കൊള്ളയടിച്ച സന്തോഷ് പിന്നീട് കാണുന്നത് ഒരു നഴ്‌സറിയാണ്. മോഷണവസ്തുക്കൾ കടത്താൻ അടുത്തിടെ വാങ്ങിയ ഓട്ടോയിലാണ് സന്തോഷ് എത്തിയത്.   ഓട്ടോ കാലിയാക്കി പോകുന്നതെങ്ങനെ എന്നു വിചാരിച്ച് 20 ചെടിച്ചട്ടികൾ കൊള്ളയടിച്ചു. മോഷണത്തിന് രണ്ടുദിവസത്തിനുശേഷമാണ് ജയിലിലേക്കെത്തിച്ചത് എന്നതിനാൽ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com