ഒരുമിച്ചിരുന്ന് മദ്യപാനം ; നാലാം നിലയിൽ നിന്നും താഴെ വീണു ; യുവാവിന്റെ മൃതദേഹം റോഡരികിൽ തള്ളിയ മൂന്നുപേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2021 05:55 AM  |  

Last Updated: 30th January 2021 05:55 AM  |   A+A-   |  

dead body

പ്രതീകാത്മകചിത്രം

 

കൊച്ചി : കോതമം​ഗലത്തിന് സമീപം റോഡരികിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ  മൂന്നു പേർ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് ചെഞ്ചേരി കരുണാകരൻ നായരുടെ മകൻ ബിജുവിനെ (47) ആണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ തങ്കളം–മലയിൻകീഴ് ബൈപാസ് റോഡരികിൽ മരിച്ചനിലയിൽ കണ്ടത്. കേസിൽ ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി ശ്രീജിത്ത് (36), ഇഞ്ചൂർ മനയ്ക്കപ്പറമ്പിൽ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം കിഴക്കുകുന്നേൽ അനിൽകുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.

മരിച്ച ബിജുവും പ്രതികളും ഒരുമിച്ചു കുമാരന്റെ ഓട്ടോയിൽ സഞ്ചരിച്ചു ഹൈറേഞ്ച് പ്രദേശങ്ങളിൽ കടകളുടെ റോളിങ് ഷട്ടറിനു ഗ്രീസ് ഇടുന്ന ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിട്ടുന്ന വരുമാനം മദ്യപാനത്തിന് വിനിയോഗിക്കും. ശനിയാഴ്ച അടിമാലി ഭാഗത്തു ജോലി കഴിഞ്ഞ് എല്ലാവരും മദ്യപിച്ചു രാത്രി മഠംപടിയിലെ ലോഡ്ജിൽ മുറി അന്വേഷിച്ചു ചെന്നു. ഈ സമയം ബിജു കെട്ടിടത്തിന്റെ റോഡ് നിരപ്പിലുള്ള നാലാംനിലയിൽ നിന്നു കാൽവഴുതി രണ്ടാംനിലയുടെ മുൻപിലുള്ള മുറ്റത്തേക്കു വീണു. 

പരുക്കേറ്റ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്ന് സമീപവാസികളോടു പറഞ്ഞ് ഇവർ ഓട്ടോയിൽ കയറ്റി പോന്നു. യാത്രയ്ക്കിടെ ബിജു മരിച്ചെന്നു മനസ്സിലാക്കി തങ്കളം ബൈപാസിലെത്തി മൃതദേഹം ഉപേക്ഷിച്ചു. പണം ചെലവാക്കേണ്ടി വരുമെന്നതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതിരുന്നത്. മൃതദേഹത്തിൽ പരുക്കുകൾ കണ്ടതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.