ആജീവനാന്തം പുതുപ്പള്ളിയില്‍ തന്നെ, പ്രചാരണങ്ങള്‍ നിര്‍ത്തൂ: ഉമ്മന്‍ ചാണ്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2021 11:32 AM  |  

Last Updated: 30th January 2021 11:32 AM  |   A+A-   |  

oommen chandy

ഉമ്മന്‍ ചാണ്ടി/ഫയല്‍

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മണ്ഡലം മാറുമെന്ന വാര്‍ത്തകളോട് വൈകാരികമായി പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍നിന്ന് ആജീവനാന്തം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

''മണ്ഡലം മാറ്റം ആരുടെ പദ്ധതിയാണ്? കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല. എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണ്. ആജീവനാന്തം അവിടെനിന്നു മാറില്ല. പ്രചാരണങ്ങള്‍ നിര്‍ത്തൂ''- ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വാര്‍ത്തകള്‍ വന്നത്. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിക്കിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച. 

കഴിഞ്ഞ അന്‍പതു കൊല്ലമായി പുതുപ്പള്ളിയുടെ പ്രതിനിധിയാണ് ഉമ്മന്‍ ചാണ്ടി. ഇനിയും പുതുപ്പള്ളിയില്‍ തന്നെ തുടരാനാണ് താത്പര്യമെന്ന്, നിയമസഭാ സാമാജികത്വത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ നല്‍കിയ അഭിമുഖങ്ങളില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുന്നത് പാര്‍ട്ടിക്കു കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഈ നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പക്ഷം.

ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ പഞ്ചായത്തുകളില്‍ ഇടതു പക്ഷം നേട്ടമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതുപ്പള്ളിയില്‍നിന്നു മാറുന്നത് തെറ്റായ വ്യാഖാനത്തിന് ഇടയാക്കുമെന്ന്, നീക്കത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയും ഇതിനോടു യോജിക്കുന്നതായാണ് ഇവര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍നിന്നു മാറുന്നതിനെ കോട്ടയം ഡിസിസി ശക്തമായി എതിര്‍ത്തുകയാണ്.

അതേസമയം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ നീക്കമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കും എന്നാണ്, ചര്‍ച്ചകളോടു പ്രതികരിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം ഇങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നതായ വാര്‍ത്തകള്‍ മുല്ലപ്പള്ളി നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല.