ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

എറണാകുളത്ത് ഗുരുതര സാഹചര്യം; നിയന്ത്രണങ്ങള്‍ കടുപ്പിക്കും, പരിശോധനകള്‍ വര്‍ധിപ്പിക്കും

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി. ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി. ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍. ആകെ പരിശോധനയില്‍ 75 ശതമാനവും ആര്‍.ടി.പി.സി.ആര്‍ ആക്കാനാണ് തീരുമാനം.ആന്റിജന്‍ പരിശോധനയുടെ ഫലപ്രാപ്തി 50 മുതല്‍ 70 ശതമാനം വരെ ആണെന്നതിനാല്‍ കോവിഡ് സ്ഥിരീകരണത്തിന് ആര്‍.ടി.പി.സി ആര്‍ തന്നെ ഉപയോഗപ്പെടുത്തും. 

ആന്റിജനു പകരം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും, ലബോറട്ടറികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കും.ഇതിന് ചിലവ് കൂടുതലായതിനാല്‍ പൂള്‍ പരിശോധന പ്രോത്സാഹിപ്പിക്കും.അഞ്ചുപേരുടെ സാമ്പിള്‍  പരിശോധന ഒരുമിച്ച് നടത്തുന്നതാണ് 'പൂള്‍ ടെസ്റ്റ്'. 

അത്യാവശ്യഘട്ടങ്ങളില്‍, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമായി ആന്റിജന്‍ പരിശോധന പരിമിതപ്പെടുത്തും. ഇതിനാകട്ടെ ഐസിഎംആര്‍ അംഗീകാരമുള്ള കിറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പൊലീസ്,മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരെ കൂടുതലായി വിന്യസിക്കും. 

കോവിഡ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പ്രചരണ പരിപാടികള്‍ ശക്തിപ്പെടുത്തും. ഇളവുകളുടെ ദുരുപയോഗം തടയുന്നതിനും അനാവശ്യ ഒത്തുചേരലുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനും പൊതുസ്ഥലങ്ങള്‍,ബീച്ചുകള്‍, എന്നിവ കേന്ദ്രീകരിച്ച് പൊലീസിന്റെ വിന്യാസം വിപുലമാക്കും. 

കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കും. സോണുകള്‍ അടയാളപ്പെടുത്തുകയും പൊതുജനങ്ങളുടെ അറിവിലേക്കായി ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. എസ് ഡി എം എയുടെ വെബ്‌സൈറ്റിലും നല്‍കും.

ജില്ലയില്‍ ഒട്ടാകെ 8500 സി എഫ് എല്‍ ടി സി ബെഡുകള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ആവശ്യമെങ്കില്‍ പരിശോധന നടത്തുന്നതിനായി അഞ്ച് ആശുപത്രികളില്‍ പ്രത്യേക ഒ.പി സൗകര്യമൊരുക്കും.മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, പറവൂര്‍, ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രികള്‍, സിയാല്‍ കോവിഡ് അപെക്‌സ് സെന്റര്‍ എന്നിവിടങ്ങളിലാണ് ഒ.പി സൗകര്യം ഒരുക്കുക. 

എട്ട് ആശുപത്രികളില്‍  കോവിഡ് കിടത്തി ചികിത്സാ സൗകര്യവും ഒരുക്കും. തൃപ്പൂണിത്തുറ, പള്ളുരുത്തി താലൂക്ക് ആശുപത്രികള്‍, വെങ്ങോല, പണ്ടപ്പിള്ളി, രാമമംഗലം, വടവുകോട് കടയിരുപ്പ്, മാലിപ്പുറം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് കിടത്തി ചികിത്സ സൗകര്യം ഒരുക്കുക. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com