പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് നിരാശയെന്ന് ഉമ്മന്‍ചാണ്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2021 11:11 AM  |  

Last Updated: 31st January 2021 11:11 AM  |   A+A-   |  

Oommen_Chandy_PTI

ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം

 

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് എതിരെ  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജയരാഘവന്‍ വര്‍ഗീയത പറയുന്നതിന് പിന്നിലെ കാരണം പാണക്കാട് പോകാന്‍ പറ്റാത്തതുകൊണ്ടുള്ള നിരാശയാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട്ടേക്ക് ഇനിയും പോകും. സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി വിജയരാഘവന്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വവും സീറ്റും ചര്‍ച്ചയായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും, മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും എ വിജയരാഘവന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

വിജയരാഘവന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. പാണക്കാട് പോയി തങ്ങളുമായി സംസാരിച്ചാല്‍ പോലും വര്‍ഗീയത കാണുന്ന നില കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.