'ഒരു വിജയി ആയാണ് ചെന്നിത്തല ജാഥനയിക്കുന്നത്';  ഉമ്മന്‍ചാണ്ടി പതാക കൈമാറി; ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കം

കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര


കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കം. ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. വിജയി ആയിട്ടാണ് ചെന്നിത്തല ജാഥ നയിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

സഭയില്‍ രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ല. കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് എനിക്കുറപ്പാണ്.

ചെറുപ്പക്കാര്‍ വളരെയധികം വേദനയിലാണ്, അവര്‍ക്ക് ജോലിയില്ല. അവര്‍ക്ക് മുഴുവനും ജോലി കൊടുക്കണമെന്ന് പറയുകയല്ല മറിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന ജോലി അത് സുതാര്യമായിരിക്കണം. നീതിപൂര്‍വം ആയിരിക്കണം. പുറംവാതില്‍ നിയമനം അനുവദിക്കില്ല. അത്തരം നിയമനം നടത്തിയതിന് കേരളത്തിലെ ചെറുപ്പക്കാര്‍ പകരംചോദിക്കും. അദ്ദേഹം പറഞ്ഞു. 

'സംശുദ്ധം സദ്ഭരണം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com