മമതയെ കാത്തിരിക്കുന്നത് സിപിഎമ്മിന്റെ ഗതികേട്‌; രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യം എന്നാല്‍ മോദിയുടെ ലക്ഷ്യം ജനങ്ങളെ സേവിക്കുകയെന്നതാണ്
അമിത് ഷാ/ ഫയല്‍ ചിത്രം
അമിത് ഷാ/ ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ 10 വര്‍ഷമായി മമത സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാള്‍ ജനത മാപ്പ് നല്‍കില്ലെന്ന് അമിത് ഷാ പറഞ്ഞു. ഹൗറയില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ വീഡിയോ കോണ്‍ഫറസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.  ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യം എന്നാല്‍ മോദിയുടെ ലക്ഷ്യം ജനങ്ങളെ സേവിക്കുകയെന്നതാണ്. 

ഇടതുപാര്‍ട്ടികള്‍ ഭരിച്ചതിനേക്കാള്‍ കഷ്ടമാണ് മമതയുടെ  ഭരണം.  ബംഗാള്‍ ജനതയോട് മമത അനീതി കാണിച്ചു. മാറ്റമെന്നായിരുന്നു മമതയുടെ മുദ്രാവാക്യം. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കൂ, എന്താണ് അവിടെ നടന്നത്. അതീവപ്രാധാന്യം നല്‍കേണ്ടുന്ന ഘടകങ്ങള്‍ ചിത്രത്തില്‍ നിന്നുതന്നെ മറഞ്ഞുപോയി. ഇതിന് ബംഗാള്‍ ഒരിക്കലും മമതയോട് ക്ഷമിക്കില്ല. ഇടതുപാര്‍ട്ടിയുടെ അനുഭവമാണ് മമതയ്ക്ക് വരാന്‍ പോകന്നത്. പാര്‍ട്ടിയിലെ നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു. ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പ് ആവുന്നതോടെ മമത പാര്‍ട്ടിയില്‍ ഒറ്റയ്ക്കാവുമെന്ന് ഷാ പറഞ്ഞു. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മമതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ജയ് ശ്രീറാമിനെ അപമാനിക്കുന്ന മമതയുടെ പാര്‍ട്ടിക്ക് ഒരിക്കലും സ്വന്തം പാര്‍ട്ടി അംഗങ്ങളെ നിലനിര്‍ത്താനാനാവില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജയ് ശ്രീറാം മുദ്രാവാക്യത്തെ നിങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാമക്ഷേത്രം നിര്‍മിക്കുന്നു, രാമരാജ്യം ബംഗാളിന്റെ വാതില്‍ക്കലെത്തിയിരിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. 

തൃണമൂല്‍ കോണ്‍ഗ്രസ് എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല, ഒരു സ്വകാര്യ കമ്പനിയാണ്. ഫെബ്രുവരി 28 ആവുന്നതോടെ  കമ്പനി പോലും ഇല്ലാതാവും. ആരും പാര്‍ട്ടിയില്‍ ബാക്കിയുണ്ടാവില്ലെന്ന് അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com