'ഇത് നിനക്കൊക്കെ നേരത്തെ പറഞ്ഞൂടേ, എന്റെ അച്ഛന് എന്തേലും പറ്റിയാല്‍ കാണിച്ചു തരാം'; ഡോക്ടേഴ്‌സ് ദിനം, കുറിപ്പ്

'ഇത് നിനക്കൊക്കെ നേരത്തെ പറഞ്ഞൂടേ, എന്റെ അച്ഛന് എന്തേലും പറ്റിയാല്‍ കാണിച്ചു തരാം'; ഡോക്ടേഴ്‌സ് ദിനം, കുറിപ്പ്
ഡോക്ടേഴ്‌സ് ദിനം/ പ്രതീകാത്മക ചിത്രം
ഡോക്ടേഴ്‌സ് ദിനം/ പ്രതീകാത്മക ചിത്രം

ചികിത്സിക്കാനെത്തിയ ആളുടെ മകനായ പൊലീസുകാരന്‍ ഡോക്ടറെ മര്‍ദിച്ചതിന് നടപടി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരമുഖത്തു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ ഡോക്ടര്‍സ് ഡേ ആഘോഷം. സമാനതകളില്ലാത്ത ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ കടന്നുപോവുമ്പോഴും ഡോക്ടര്‍മാരോട് നമ്മുടെ പെരുമാറ്റം എങ്ങനയെന്ന് ഓര്‍ത്തുനോക്കാന്‍ അവസരമാവേണ്ടതാണ്, ഡോക്ടര്‍മാരുടെ ഈ ദിനം. ഡോക്ടറായ വിശാല്‍ ദിലീപ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഈ കുറിപ്പ്, ഒരു ഡോക്ടറുടെ ജീവിതത്തില്‍ ഉണ്ടാവുന്ന രണ്ടു സാഹചര്യങ്ങളെ കാണിച്ചുതരുന്നുണ്ട്.

കുറിപ്പു വായിക്കാം: 

ഇന്ന് ഡോക്ടര്‍സ് ഡേ , പ്രത്യേകത ഒന്നുമില്ല , അടിപിടിയും അക്രമങ്ങളും എല്ലാം പഴയത്‌പോലെ തന്നെ . ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം രണ്ട് അനുഭവങ്ങളിലൂടെ പറയാന്‍ ശ്രമിക്കാം .
ഒരു പ്രായമായ അച്ഛനെ മകന്‍ മരണാസന്ന അവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. ബെഡില്‍ കിടത്തി പള്‍സ് നോക്കിയപ്പോള്‍ പള്‍സ് കിട്ടുന്നില്ല . ഉടനെ തന്നെ സിപിആര്‍ നല്‍കി . ഏകദേശം 20 മിനിറ്റോളം തുടര്‍ന്നു. ഇതിനിടയില്‍ എടുത്ത ഇസിജി എല്ലാം ഫ്‌ലാറ്റ്‌ലൈന്‍ ആണ് കാണിക്കുന്നത്.  അതായത് മരണം സംഭവിച്ചു കഴിഞ്ഞു. ഞാന്‍ മകനോട് പറഞ്ഞു 'അച്ഛന്‍ മരിച്ചു , im sorry'. അപ്പോള്‍ അയാള്‍ എന്റെ കൈയില്‍ പിടിച്ചിട്ട് പറഞ്ഞു 'അത് സാരമില്ല ,സാറിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തല്ലോ , നന്ദിയുണ്ട്'. എനിക്ക് ഇതൊരു ഞെട്ടല്‍ ആയിരുന്നു , കാരണം ഇത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ് . ഇത്തരത്തില്‍ ഒരു നന്ദിവാക്കോ ഒരു ചെറു പുഞ്ചിരിയോ പോലും നമുക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഈ സംഭവങ്ങള്‍ , അടുത്ത വട്ടം നമുക്ക് ഇതിനേക്കാള്‍ കൂടുതലായി, ഇതിനേക്കാള്‍ നന്നായി എന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിപ്പിക്കും . അതിനായി ശ്രമിക്കാന്‍ പ്രേരിപ്പിക്കും .
മറ്റൊരു ദിവസം നെഞ്ചുവേദനയുമായി ഒരു അച്ഛനെയും കൊണ്ട് മകന്‍ വന്നു. വന്ന സമയം മറ്റൊരു ഡോക്ടര്‍ ആയിരുന്നു ഡ്യൂട്ടി . ഒരാഴ്ച മുന്‍പേ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതാണ് , ഇപ്പോള്‍ കുറച്ചു നേരമായി ഒരു നെഞ്ചുവേദന.  ഇസിജി എടുത്തപ്പോള്‍ പഴയ ഇസിജി യിലെ മാറ്റങ്ങള്‍ മാത്രമേ ഇപ്പോളും ഉള്ളൂ. പുതിയതായി ഒന്നുമില്ല. ബിപിയും നോര്‍മല്‍.  അങ്ങനെ പാന്റ്റോപ് ഇന്‍ജക്ഷന്‍ കൊടുത്ത് ഒബ്‌സര്‍വേഷനില്‍ കിടത്തി. അര മണിക്കൂര്‍ ഇടവിട്ട് ഇസിജി എടുത്തുകൊണ്ടേ ഇരുന്നു.  ഒന്നിലും മാറ്റങ്ങള്‍ ഇല്ല .
 2 മണി മുതല്‍ എനിക്ക് ആണ് ഡ്യൂട്ടി മാറി വരുന്നത്. ഞാനും അതുവരെ എടുത്ത ഇസിജികള്‍ ഒക്കെ നോക്കി . ബിപി നോക്കിയപ്പോള്‍ നോര്‍മല്‍ ആണ് . ഇപ്പോള്‍ വേദന കുറവുണ്ട് , വീട്ടില്‍ പൊക്കോട്ടെയെന്ന് രോഗി. അങ്ങനെ വിടാന്‍ പറ്റില്ല , നെഞ്ചിനു പ്രശ്‌നമുള്ള ആളല്ലേ , കുറച്ചു നേരം കൂടി നോക്കണം എന്ന് ഞാന്‍ . അടുത്തൊരു ഇസിജി കൂടി എടുക്കാന്‍ പറഞ്ഞു.  അത് എടുക്കുന്ന സമയത്തു തന്നെ നെഞ്ചു വേദന വീണ്ടും പ്രത്യക്ഷപ്പെട്ടു , ഇസിജിയില്‍ അറ്റാക്കിന്റെ സൂചനകള്‍. അവിടെ അത് ചികില്‍സിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഇല്ല. ഉടനെ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണം. കൂടെ വന്നവരെ ആംബുലന്‍സ് വിളിക്കാന്‍ അയച്ചാല്‍ താമസിക്കും എന്നറിയാമായിരുന്നതിനാല്‍ ഞാന്‍ തന്നെ പോയി ആംബുലന്‍സ് അറേഞ്ച് ചെയ്തു . ഉടന്‍ തന്നെ അച്ഛനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കണം എന്ന് മകനോട് പറഞ്ഞു. അപ്പോള്‍ മകന്‍ : 'ഇത് നിനക്കൊക്കെ നേരത്തെ പറഞ്ഞൂടെ , ഇത്രേം നേരം നീ എന്ത് ചെയ്യുകയായിരുന്നു.  എന്റെ അച്ഛന് എന്തേലും പറ്റിയാല്‍ മൈ@** നിന്നെ ഞാന്‍ കാണിച്ചു തരാം'. ഇത്രയും പറഞ്ഞു അയാള്‍ ആംബുലന്‍സില്‍ കയറിപ്പോയി. എനിക്ക് ടെന്‍ഷനും വിഷമവും കാരണം അടുത്ത രോഗികളെ നോക്കാന്‍ പറ്റുന്നില്ല . അവര്‍ പറയുന്നതൊന്നും ശ്രദ്ധിക്കാന്‍ കൂടി പറ്റുന്നില്ല. ഞാന്‍ അങ്ങനെ നമ്മുടെ മെഡിസിന്‍ ഡോക്ടറെ വിളിച്ചു . സര്‍ എന്നോട് അങ്ങനെയൊരു സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഒക്കെ പറഞ്ഞിട്ട്, അത്‌പോലോക്കെയാണോ ചെയ്തത് എന്നു ചോദിച്ചു. ഞാന്‍ അതെയെന്ന് പറഞ്ഞു.  പിന്നെ നീ വിഷമിക്കണ്ട , ഇത്രയൊക്കെയെ ആരെകൊണ്ടും ചെയ്യാന്‍ പറ്റുള്ളൂ , പിന്നെ അടിയുടെ കാര്യം. അവരോട് ഇതൊന്നും പറഞ്ഞാല്‍ മനസിലാകില്ല , നീ പോലീസ് സ്‌റ്റേഷനില്‍ ഒന്നു വിളിച്ചു പറഞ്ഞേക്കൂ എന്നും പറഞ്ഞു . പോലീസ് സ്‌റ്റേഷന്‍ അടുത്താണ് . ഞാന്‍ അവിടെ വിളിച്ചു , ചിലപ്പോള്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായേക്കാം എന്ന് മുന്നറിയിപ്പ് നല്‍കി.  എന്റെ ഭാഗ്യത്തിന് ആ അച്ഛന് ഒന്നും സംഭവിച്ചില്ല എന്നു തോന്നുന്നു . പേടിച്ചിരുന്ന അടി അന്ന് കിട്ടിയില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ അടുത്ത വട്ടം ഒന്നും ചെയ്യാതെ ഇരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കും . അതായത് റിസ്‌ക് കേസുകളില്‍ കൈ വെക്കുകയെ ചെയ്യാതെ വലിയ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും .അതിനെ ഡിഫന്‍സീവ് പ്രാക്ടിസ് എന്നു പറയും . 
നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തേത് പോലുള്ള സംഭവങ്ങള്‍ ആണ് ഡോക്ടര്‍ ജീവിതത്തില്‍ കൂടുതല്‍.  അത് ദിനംപ്രതി ഓരോ ഡോക്ടര്‍മാരെയും ഡിഫന്‍സിവ് പ്രാക്ടീസിലേക്ക് മാറാന്‍ പ്രേരിപ്പിക്കും . അതുമൂലം രോഗികള്‍ക്ക് യാത്ര ചെലവും ചികിത്സാ ചെലവും കൂടാം , ചികിത്സ കിട്ടാന്‍ താമസം വരാം. അതിനും കുറ്റം നമുക്കായിരിക്കും അല്ലേ , അല്ല അതാണല്ലോ പതിവ് . ഓരോ തല്ലും , തെറിവിളിയും നമ്മുടെ തന്നെ ജീവിതത്തെയാണ് ബാധിക്കുന്നത്.  അത് ആരും തിരിച്ചറിയുന്നില്ല എന്നു മാത്രം . ആ തിരിച്ചറിവ് കുറച്ചു പേര്‍ക്കെങ്കിലും ഉണ്ടാകട്ടെ എന്ന് ഈ ഡോക്ടര്‍സ് ദിനത്തില്‍ പ്രത്യാശിക്കുന്നു. അടുത്ത ഡോക്ടര്‍സ് ഡേയില്‍ എങ്കിലും സമൂഹത്തിലെ നല്ല മാറ്റങ്ങളെ അഭിനന്ദിച്ചു ഒരു പോസ്റ്റിടാന്‍ ഡോക്ടര്‍ സമൂഹത്തിന് സാധിക്കട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com