സിനിമ നടിമാര്‍ വരെ ഇടപാടുകാര്‍ ?; അനാശാസ്യവും നീലച്ചിത്ര നിര്‍മ്മാണവും ; വീട് കയറി ആക്രമണക്കേസ് നിര്‍ണായക വഴിത്തിരിവില്‍

അക്രമം നടക്കുമ്പോള്‍ മുറിയില്‍ കയറി കതകടച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് യുവതി പറഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം : കോട്ടയം നഗരത്തിലെ വീട്ടില്‍ രണ്ടുപേരെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍, അനാശാസ്യ ഇടപാടുകളിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. വെട്ടേറ്റ ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ആക്രമിച്ചത് ആരാണെന്നോ, ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നോ അറിയില്ലെന്നാണ് പരിക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴി. ഇവര്‍ ആശുപത്രി വിട്ടശേഷം വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കാരണം കണ്ടെത്താനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു. അക്രമം നടക്കുമ്പോള്‍ മുറിയില്‍ കയറി കതകടച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് വീട്ടിലുണ്ടായിരുന്ന യുവതി പറഞ്ഞത്. 

അതേസമയം വാടകവീട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്ര നിര്‍മാണവും നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ക്യാമറ സ്റ്റാന്‍ഡും മൊബൈല്‍ സ്റ്റാന്‍ഡുകളും അക്രമം നടന്ന വീട്ടില്‍നിന്ന് കണ്ടെത്തി. പരിക്കേറ്റവരുടേത് ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടില്ല. വീട്ടില്‍ അനാശാസ്യ ഇടപാടുകള്‍ നടന്നിരുന്നതായി ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന പൊന്‍കുന്നം സ്വദേശിനി പൊലീസിനോട് പറഞ്ഞു. 

ഇവരുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും ഇടപാടുകാര്‍ക്കയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും കണ്ടെത്തി. പലര്‍ക്കും യുവതികളുടെ ഫോട്ടോകളയച്ചിരുന്നത് ഇവരുടെ മൊബൈല്‍ ഫോണില്‍നിന്നായിരുന്നു. ഇവരില്‍ പലരും സിനിമയില്‍ സഹനടിമാരായി അഭിനയിച്ചിട്ടുള്ളവരാണെന്നാണ് വിവരം.

അനാശാസ്യത്തിനായി പെണ്‍കുട്ടികളെയും ഇടപാടുകാരെയും ആക്രമണം നടന്ന വാടക വീട്ടില്‍ എത്തിച്ചിരുന്നതായും ചിത്രങ്ങള്‍ കാണിച്ച് ആവശ്യക്കാര്‍ക്ക് യുവതികളെ എത്തിച്ചുകൊടുത്തിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്. യുവതിയും പരിക്കേറ്റവരും ഏതെങ്കിലും വന്‍ സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com