പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; കോട്ടയത്തെ ഗുണ്ടാ ആക്രമണം; മുഖ്യപ്രതികള്‍ അറസ്റ്റില്‍

കോട്ടയം നഗരത്തിലെ ഗുണ്ട ആക്രമണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോട്ടയം: കോട്ടയം നഗരത്തിലെ ഗുണ്ട ആക്രമണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പൊന്‍കുന്നം സ്വദേശി അജ്മലും മല്ലപ്പള്ളി സ്വദേശി സുലേഖയുമാണ് പിടിയിലായത്. പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

ആക്രമണത്തിന് ഇരയായ യുവതിയെയും  കൂട്ടരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.  ഇവര്‍ താമസിച്ചിരുന്ന ചന്തക്കടവിലെ വീട് കേന്ദ്രീകരിച്ചായിരുന്നു  പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം. ഇവിടെ നീലചിത്രനിര്‍മാണം നടന്നിരുന്നതിന്റെ തെളിവുകളും ലഭിച്ചു. മറ്റൊരു പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമായിരുന്ന ഇവര്‍ അവിടം വിട്ട് പുതിയ കേന്ദ്രം തുടങ്ങിയതാണ് പകയ്ക്ക് കാരണമെന്നാണ് നിഗമനം. 

പതിനാലംഗസംഘമാണ് ചൊവ്വാഴ്ച രാത്രി വീടുകയറി ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിരുവനന്തപുരം സ്വദേശിയായ ഷിനുവും പൊന്‍കുന്നം സ്വദേശിനിയായ യുവതിയും വീട്ടിലുണ്ടായിരുന്നെങ്കിലും അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടു. ഇതേ സമയം വീട്ടില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തിയിരുന്നു. മാരകമായി പരുക്കേറ്റിട്ടും പരാതിയില്ലെന്ന നിലപാടിലായിരുന്നു അക്രമത്തിനിരയായവരുടെത്. നഗരത്തില്‍ പ്ലംബിങ് ജോലികള്‍ക്കെത്തിയതാണെന്നും യുവതി പാചകക്കാരിയാണെന്നുമായിരുന്നു ഇവരുടെ മൊഴി. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഫോണ്‍ പരിശോധിച്ചതില്‍ ഇവര്‍ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com