കൊടകര കുഴൽപ്പണ കേസ്: സുരേന്ദ്രന് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം 

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നോട്ടീസ്
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പൊലീസ് സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നോട്ടീസ് നൽകി. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നോട്ടീസ്. 

പൊലീസ് നോട്ടീസ് നൽകിയെങ്കിലും സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തതയില്ല. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വം എടുത്തിരിക്കുന്ന നിലപാട്. 

കൊടകരയിൽ മൂന്നരക്കോടി രൂപ കുഴൽപണം കവർന്ന കേസിൽ കഴിഞ്ഞദിവസം രണ്ടുപേർ കൂടി അറസ്​റ്റിലായിരുന്നു. ഷിഗിൽ (30), റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 15-ാം പ്രതിയായ ഷിഖിൽ കവർച്ചയിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഷിഖിലിന് അഭയം നൽകിയതിനാണ് റാഷിദിനെ 22ാം പ്രതിയായി ചേർത്തത്. തിരുപ്പതിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ സ്ത്രീയുൾപ്പെടെ 23 പേരാണ്​ കേസിൽ അറസ്റ്റിലായിട്ടുള്ളത്​. ഇതുവരെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.

ഏപ്രിൽ മൂന്നാം തിയതി പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപത്തുനിന്ന് പണമടങ്ങിയ കാർ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. മൂന്നരക്കോടി കവർന്നെന്നാണ് കേസ്. ഇതിനകം 1.42 കോടിയാണ്​ പൊലീസ് കണ്ടെത്തിയത്​. തെരഞ്ഞെടുപ്പ് ആവശ്യത്തിന്​ ബിജെപിയെത്തിച്ച ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com