കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസ്; അഞ്ച് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് കൊടുവള്ളി സ്വദേശികൾ

കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസ്; അഞ്ച് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് കൊടുവള്ളി സ്വദേശികൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളാണ് പിടിയിലായത്. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീർ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ എന്നിവർ ആണ് പിടിയിലായത്. 

ഇവരും സംഭവ സമയത്ത് കരിപ്പൂരിൽ വന്നിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. റിയാസിന് സൂഫിയാനുമായും വിദേശത്തു നിന്നു സ്വർണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

അതിനിടെ, സ്വര്‍ണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരിൽ നിന്ന് യാത്രക്കാരനെയും  തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. മുഖ്യ ആസൂത്രകന്‍ സൂഫിയാന്‍റെ സഹോദരന്‍ ഫിജാസും ഷിഹാബും അടങ്ങിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ സ്വര്‍ണം തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോയിത്തുടങ്ങിയതോടെയായിരുന്നു കൊടുവളളി സംഘം വന്‍ സന്നാഹങ്ങളോടെ കരിപ്പൂരിലെത്തിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ നിയന്ത്രിച്ച സൂഫിയാന്‍റെ സഹോദരന്‍ ഫിജാസും ഷിഹാബും മറ്റ് നാല് പേരും ചേര്‍ന്ന് അന്ന് രാത്രി ഒരാളെ തട്ടിക്കൊണ്ടുപോയി. പാലക്കാട് സ്വദേശിയായ ഇയാള്‍ നേരത്തെ ഇവരുടെ സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്നു എന്നാണ് പൊലീസിന് കിട്ടിയ സൂചന. 

കൊടുവളളി സംഘത്തിന് എത്തിക്കേണ്ട സ്വര്‍ണം ഈ പാലക്കാട് സ്വദേശിയില്‍ നിന്നു നഷ്ടപ്പെട്ടതിനാലാണ് കൊടുവള്ളി സംഘം ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഈ യാത്രക്കാരനെ മര്‍ദിച്ച് മൊബൈല്‍ ഫോണും ലഗേജും തട്ടിയെടുത്ത ശേഷം തിരിച്ചയക്കുകയായിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ഉള്‍പ്പെട്ട ഫിജാസും ഷിഹാബും ഇപ്പോള്‍ രാമനാട്ടുകാര കേസിനെത്തുടര്‍ന്ന് ജയിലിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com