ഏഴിടങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; പിടിച്ചെടുത്തത് 713 സിം കാർഡുകൾ; ഒരാൾ അറസ്റ്റിൽ

ഏഴിടങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; പിടിച്ചെടുത്തത് 713 സിം കാർഡുകൾ; ഒരാൾ അറസ്റ്റിൽ
ഫയൽ ചിത്രം
ഫയൽ ചിത്രം

കോഴിക്കോട്: ജില്ലയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കൊളത്തറ സ്വദേശി ജുറൈസ് ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുള്ള കോഴിക്കോട് സ്വദേശികളായ ഷബീർ, പ്രസാദ് എന്നിവർ ഒളിവിലാണ്. അറസ്റ്റിലായ ജുറൈസിനെ പിന്നീട് കോടതിയിൽ ഹാജരാക്കും.

ജുറൈസ് മേൽനോട്ടക്കാരനാണ്. ഷബീർ, പ്രസാദ് എന്നിവരാണ് മുഖ്യ ആസൂത്രകർ. നിലവിൽ ആറ് കേസുകൾ റജിസ്റ്റർ ചെയ്തു. സിമ്മിലേക്കുവന്ന കോളുകൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഇത് പരിശോധിച്ചാലേ തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നോയെന്ന് വ്യക്തമാകൂ.

ജില്ലയിൽ ഏഴിടത്ത് ഇത്തരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ആറിടത്തു നിന്ന് അനുബന്ധ ഉപകരണങ്ങളും സിമ്മുകളും പിടിച്ചെടുത്തു. 

വിദേശ രാജ്യങ്ങളിൽ നിന്നുള്ള കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാനുള്ള സംവിധാനങ്ങളാണിതെല്ലാം. ലൈസൻസ് ഇല്ലാത്ത ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്‌ഷൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 713 സിമ്മുകൾ ആറിടങ്ങളിൽ നിന്നായി പിടിച്ചെടുത്തു. കസബ സ്റ്റേഷനു കീഴിൽ നാലിടത്തും നല്ലളം മെഡിക്കൽ കോളജ് സ്റ്റേഷനുകളുടെ പരിധിയിൽ ഓരോയിടത്തും സമാന്തര സ്റ്റേഷൻ കണ്ടെത്തി.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെ കുറിച്ച് നടക്കുന്ന അന്വേഷണത്തിൻറെ ഭാഗമായാണ് കോഴിക്കോടും ഐബി പരിശോധന നടത്തിയത്. വിവിധ സർവീസ് പ്രൊവൈഡറുകളുടെ സിം കാർഡുകളാണ് കണ്ടെത്തിയത്. 

കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വിദേശ രാജ്യത്തിൽ നിന്നുള്ള കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതോടെ ടെലികോം വകുപ്പിനും സർക്കാരിനും ചാർജിനത്തിൽ കിട്ടേണ്ട വൻ തുകയാണ് നഷ്ടമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com