ചെറുപ്പം മുതലേ മൃഗങ്ങള്‍ക്കൊപ്പം ; തെരുവ് സര്‍ക്കസ് നിലച്ചപ്പോള്‍ മൃഗശാലയില്‍ ജോലി ; വിഷപ്പാമ്പുകള്‍ക്കൊപ്പം കൂട്ടില്‍ കിടന്ന് പ്രതിഷേധം ; ഹര്‍ഷാദിന്റേത് സമാനതകളില്ലാത്ത ജീവിതം

വന്യ മൃഗങ്ങളെ ഇണക്കി അഭ്യാസ മുറകള്‍ കാട്ടിയിരുന്ന അബ്ദുള്‍ സലാമിന്റെ പ്രവര്‍ത്തനങ്ങളാണ് ഹര്‍ഷാദിനെ മൃഗങ്ങളിലേക്ക് ആകര്‍ഷിച്ചത്
രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ഹര്‍ഷാദ്‌
രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ഹര്‍ഷാദ്‌

തിരുവനന്തപുരം : വിഷപ്പാമ്പുകള്‍ അടക്കമുള്ള ജീവികള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ ഏറെ സന്തോഷിച്ചിരുന്ന ആളായിരുന്നു, തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അനിമല്‍ കീപ്പര്‍ ഹര്‍ഷാദ്. വര്‍ഷങ്ങളായ പരിപാലനങ്ങളിലൂടെ, മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയുമെല്ലാം ഓരോ ചലനവും തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഹര്‍ഷാദിന് അറിയാമായിരുന്നു. എന്നാല്‍ രാജവെമ്പാലയുടെ അപ്രതീക്ഷിത ആക്രമണം ഹര്‍ഷാദിന്റെ ജീവനെടുത്തു. 

അടുത്തിടെയാണ് ഹര്‍ഷാദിനെ കടിച്ച ആണ്‍ രാജവെമ്പാല കാര്‍ത്തികിനെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നത്. മംഗലൂരുവിലെ പീലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്നും മാര്‍ച്ചിലാണ് കാര്‍ത്തിക് തിരുവനന്തപുരത്തെത്തിയത്. ഒരുപക്ഷെ പരിചയക്കുറവാകാം ആക്രമണത്തിന് കാരണമായതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. 

തിരുവനന്തപുരം മൃഗശാലയില്‍ കാര്‍ത്തികിനെ കൂടാതെ, നീലു എന്ന പെണ്‍ രാജവെമ്പാലയും നാഗ എന്ന ആണ്‍ രാജവെമ്പാലയുമാണുള്ളത്. ഹര്‍ഷാദിനായിരുന്നു പാമ്പുകളുടെ സംരക്ഷണ ചുമതല. പാമ്പുകള്‍ക്ക് ഭക്ഷണം നല്‍കിയശേഷം കൂടു വൃത്തിയാക്കുന്നതിനിടെയാണ്, കാര്‍ത്തിക് എന്ന  രാജവെമ്പാല ഹര്‍ഷാദിനെ കടിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. 

കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവര്‍ക്ക് അപകടം വരാതിരിക്കാന്‍ കൂടു ഭദ്രമായി പൂട്ടിയ ശേഷമാണ് ഹര്‍ഷാദ് പുറത്തിറങ്ങിയത്. കടിയേറ്റതായി സഹപ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ  ഹര്‍ഷാദ് കുഴഞ്ഞ് വീണു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പഴയകാല തെരുവ് സര്‍ക്കസ് കലാകാരനായിരുന്നു ഹര്‍ഷാദിന്റെ പിതാവായ അബ്ദുള്‍ സലാം. ഒരുദശകക്കാലത്തോളം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തെരുവു സര്‍ക്കസ് നടത്തിയിരുന്നു അബ്ദുള്‍ സലാം. വന്യ മൃഗങ്ങളെ ഇണക്കി കാഴ്ചക്കാർക്കായി അഭ്യാസ മുറകളും ഒക്കെ കാട്ടിയിരുന്ന അബ്ദുള്‍ സലാമിന്റെ പ്രവര്‍ത്തനങ്ങളാണ് ഹര്‍ഷാദിനെയും മൃഗങ്ങളിലേക്ക് ആകര്‍ഷിച്ചത്. വന്യമൃഗ സംരക്ഷണ നിയമം സംസ്ഥാനത്ത് ശക്തമാക്കിയതോടെ 90 കളില്‍ ഈ വരുമാനം നിലച്ചു. 

മിണ്ടാപ്രാണികളോടുള്ള സ്‌നേഹം മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന ഹര്‍ഷാദ് 2002 ലാണ് തിരുവനന്തപുരം മൃഗശാലയില്‍ മൃഗപരിപാലകനായി താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കുന്നത്. 15 വര്‍ഷത്തോളം താല്‍ക്കാലികക്കാരനായി ജോലിയില്‍ തുടര്‍ന്നു. ഇതിനിടെ പലരെയും സ്ഥിരപ്പെടുത്തിയെങ്കിലും ഹര്‍ഷാദിനെ തഴഞ്ഞു. തുടര്‍ന്ന് രാജവെമ്പാല അടക്കമുള്ള വിഷപ്പാമ്പുകള്‍ക്കൊപ്പം കൂട്ടില്‍ കഴിഞ്ഞ് നടത്തിയ സമരത്തിനൊടുവിലാണ് ഹര്‍ഷാദിനെ സ്ഥിരപ്പെടുത്തുന്നത്. 

മൃഗശാലയിലെ ജോലിക്കിടെ കുരങ്ങന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവുമൊക്കെ നേരിട്ടതിന്റെ മുറിപ്പാടുകളും ഹര്‍ഷാദിന്റെ ദേഹത്തുണ്ട്. കാട്ടാക്കടയില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഹര്‍ഷാദ്. ഷീജയാണ് ഭാര്യ. 12 വയസ്സുള്ള അബിന്‍ മകനാണ്. ഹര്‍ഷാദിന്റെ വരുമാനത്തിലാണ് കുടുംബം പുലര്‍ന്നിരുന്നത്. ഹര്‍ഷാദിന്റെ ആകസ്മിക വിയോഗം ആ കുടുംബത്തെയും ഇരുട്ടിലാക്കിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com