സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചും ;  'പൊട്ടിക്കാന്‍' സഹായിച്ചത് കൊടിസുനിയും ഷാഫിയുമെന്ന് അര്‍ജുന്‍ ആയങ്കി

സ്വര്‍ണം പൊട്ടിക്കാന്‍ ടിപി കേസ് പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി അര്‍ജുന്‍ ആയങ്കി മൊഴി നല്‍കി
സ്വര്‍ണക്കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കി / ഫയല്‍
സ്വര്‍ണക്കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കി / ഫയല്‍

കോഴിക്കോട് : സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മലപ്പുറം ക്രൈം എസ്പി കെ വി സന്തോഷ് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. മുമ്പ് നടന്ന തട്ടിക്കൊണ്ടുപോകല്‍ അനുബന്ധ കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഡിജിപി എസ് ശ്രീജിത്ത് അന്വേഷണ മേല്‍നോട്ടം വഹിക്കും.

അതിനിടെ കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം പൊട്ടിക്കാന്‍ ( തട്ടിയെടുക്കാന്‍) ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി അര്‍ജുന്‍ ആയങ്കി സമ്മതിച്ചു. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണം പൊട്ടിക്കാന്‍ സഹായിച്ചു എന്നാണ് കസ്റ്റംസിന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. 

സ്വര്‍ണം പൊട്ടിക്കാന്‍ സഹായിച്ചതിന് ഇവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നു. ഒളിവില്‍ കഴിയാന്‍ ടിപി കേസ് പ്രതികള്‍ സഹായിച്ചതായും അര്‍ജുന്‍ ആയങ്കി സമ്മതിച്ചു. പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ ഒരു പങ്ക് പാര്‍ട്ടി ( കൊടി സുനി, ഷാഫി എന്നിവര്‍ക്ക്) ക്ക് നല്‍കുമെന്ന് സൂചിപ്പിക്കുന്ന സ്വര്‍ണക്കടത്ത് സംഘാംഗത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. 

കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കുപ്പം പുഴയില്‍ എറിഞ്ഞുകളഞ്ഞെന്നാണ് അര്‍ജുന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. മൊബൈല്‍ കണ്ടെത്താന്‍ പുഴയില്‍ കസ്റ്റംസ് തിരച്ചില്‍ നടത്തും. ഈ മൊഴി കസ്റ്റംസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പിനായി അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അര്‍ജുന്‍ ആയങ്കിയുടെ വീട്ടിലും കാര്‍ ആദ്യം ഉപേക്ഷിച്ച സ്ഥലത്തും അടക്കം തെളിവെടുപ്പ് നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com