കരിപ്പൂർ സ്വർണക്കടത്ത്; നിർണായക രേഖകൾ കണ്ടെത്തിയെന്ന് കസ്റ്റംസ്; കൊടി സുനിയ്ക്കും മുഹ​മ്മദ് ഷാഫിയ്ക്കും നോട്ടീസ്

കരിപ്പൂർ സ്വർണക്കടത്ത്; നിർണായക രേഖകൾ കണ്ടെത്തിയെന്ന് കസ്റ്റംസ്; കൊടി സുനിയ്ക്കും മുഹ​മ്മദ് ഷാഫിയ്ക്കും നോട്ടീസ്
കൊടി സുനി, മുഹമ്മദ് ഷാഫി  / ഫയല്‍ ചിത്രം
കൊടി സുനി, മുഹമ്മദ് ഷാഫി / ഫയല്‍ ചിത്രം

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണം ടിപി വധക്കേസ് പ്രതികളായ കൊടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേക്കും. കൊടി സുനിയ്ക്കും ഷാഫിയ്ക്കും കസ്റ്റംസ് നോട്ടീസ്. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഷാഫിയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് സംഘം കൊടി സുനിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. കൊടി സുനിക്ക് വിയ്യൂർ ജയിലിലെത്തി സമൻസ് നൽകുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു.

കടത്തു സ്വർണം കവർച്ച ചെയ്യുന്നതിന്റെ ആസൂത്രണം സുനിയും ഷാഫിയുമാണെന്ന അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധനയും തെളിവെടുപ്പും നടത്തി. ഇവിടെ നിന്നു ചില നിർണായക രേഖകൾ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇവിടെ നിന്ന് ലാപ്ടോപ്പും, പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു. 

രാവിലെ  അർജ്ജുനെ കണ്ണൂരിലെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാറ് ഒളിപ്പിച്ച അഴീക്കോട് ഉരു നിർമ്മാണശാലയ്ക്കടുത്ത് എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നു കാറ് മാറ്റാനുള്ള തത്രപ്പാടിൽ ഫോൺ കള‌ഞ്ഞുപോയെന്നായിരുന്നു അർജുന്റെ ആദ്യമൊഴി. എന്നാൽ ഫോൺ ഈ പറമ്പിനടുത്തുള്ള വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് ഇന്ന് അർജുൻ മൊഴി തിരുത്തി. 

അർജ്ജുന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡ്, എടിഎം, സ്വർണം ഇടപാട് നടത്തിയതിന്റെ രേഖകൾ എന്നിവ കണ്ടെത്തിയെന്ന് കസ്റ്റംസ് അവകാശപ്പെട്ടു. അർജുന്റെ ഭാര്യ അമലയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് എത്താൻ നോട്ടീസും നൽകിയാണ് സംഘം ചൊക്ലിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയത്. 

കടത്ത് സ്വർണം കവർച്ച ചെയ്യുന്നതിന്റെ മുഖ്യ സൂത്രധാരൻ ഷാഫിയും കൊടി സുനിയുമാണെന്ന് അർജ്ജുൻ മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് കസ്റ്റംസ് നടത്തിയത്. കാരിയർമാർക്ക് സുരക്ഷ നൽകുന്നതും സ്വർണം നഷ്ടപ്പെട്ടയാൾ പിന്നീട് പ്രശ്നമുണ്ടാക്കിയാൽ ഭീഷണിപ്പെടുത്തുന്നതും കൊടി സുനിയും ഷാഫിയുമാണെന്നുള്ള ശബ്ദ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. 

അർജ്ജുന്റെ ഫോണിലെ കോൾ റെക്കോർഡുകളും ഓഡിയോ സന്ദേശങ്ങളും വാട്സപ്പ് ചാറ്റ് ഹിസ്റ്ററിയും വീണ്ടെടുത്ത് തുടർ പരിശോധന നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com