ഇരട്ട വോട്ട് : രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങൾ ചോര്‍ന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ക്രൈംബ്രാഞ്ച് കേസെടുത്തു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നെന്ന് എഫ്‌ഐആര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഐടി ആക്ട്, ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നെന്ന് എഫ്‌ഐആര്‍. രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങൾ ചോര്‍ന്നെന്നാണ് പരാതി. ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസറാണ് പരാതി നൽകിയത്. 

എന്നാല്‍ വോട്ടര്‍ പട്ടിക രഹസ്യരേഖയല്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരുടെ ചിത്രം സഹിതമുള്ള വോട്ടര്‍പട്ടിക രജിസ്റ്റേര്‍ഡ് പാര്‍ട്ടികള്‍ക്കെല്ലാം നല്‍കുന്നുണ്ട്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടിക, പബ്ലിക് ഡൊമെയ്‌നിലുള്ളതാണെന്നും, അതുകൊണ്ടു തന്നെ എന്ത് രഹസ്യമാണ് ചോര്‍ന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. 

തെരഞ്ഞെടുപ്പിന് മുമ്പാണ് സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്നും, ഇരട്ടവോട്ടുകള്‍ നിരവധിയാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. നാലു ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതിന്റെ തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു. 

ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കമ്മീഷന്‍ കണ്ടെത്തിയ ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com