'തെളിയാത്ത കേസെല്ലാം എന്റെ തലയില്‍ വെച്ചോളൂ '; ചോദ്യം ചെയ്യലിന് എന്നു ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല: കെ സുരേന്ദ്രന്‍

രാഷ്ട്രീയ യജമാനന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഓരോ ദിവസവും ബിജെപി നേതാക്കളെ വിളിച്ചു വരുത്തുകയാണ്
കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം
കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം

കോഴിക്കോട് : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരായേക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അന്വേഷണവുമായി സഹകരിക്കും. സാക്ഷിമൊഴിയെടുക്കാന്‍ പറഞ്ഞദിവസം തന്നെ ഹാജരാകണമെന്ന് ഒരു നിയമവുമില്ല. എന്നു ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. ചൊവ്വാഴ്ച പാര്‍ട്ടി ഭാരവാഹിയോഗമുണ്ടെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. 

സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണം എത്തുന്നത് സിപിഎം നേതാക്കളുടെ അടുത്താണ്. ഇതോടെ സിപിഎം പ്രതിരോധത്തിലാണ്. കൊടി സുനിയാണ് ഇതൊക്കെ ഏര്‍പ്പാട് ചെയ്യുന്നതെന്നാണ് അര്‍ജുന്‍ ആയങ്കി പറഞ്ഞത്. കൊടി സുനിയാണെങ്കില്‍ പിന്നെ എകെജി സെന്ററാണ് ഇത് ചെയ്യുന്നത് ഉറപ്പായല്ലോ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് കെ സുരേന്ദ്രന് നോട്ടീസ് നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കേസുകണ്ട് ഒളിച്ചോടുന്നവരല്ല ബിജെപി. നെഞ്ചുവേദന വരികയോ, ഇല്ലാത്ത കോവിഡ് പോസിറ്റീവ് അകുകയോ ചെയ്യുന്നവരല്ല. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും കേസുമായി സഹകരിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഒന്നും മറച്ചുവെക്കാനില്ലെന്ന് ആദ്യം മുതലേ ബിജെപി വ്യക്തമാക്കിയതാണ്.

രാഷ്ട്രീയ യജമാനന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഓരോ ദിവസവും ബിജെപി നേതാക്കളെ വിളിച്ചു വരുത്തുകയാണ്. വളരെ ആസൂത്രിതമായ നീക്കം സിപിഎം പൊലീസിനെ ഉപയോഗിച്ച് നടത്തുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. വ്യക്തിപരമായി ഈ കാര്യം ഗൗരവമായിട്ടെടുക്കുന്നില്ല. പാര്‍ട്ടിയെ സംബന്ധിച്ച് കള്ളക്കേസുകള്‍ക്കെതിരെ രാഷ്ട്രീയമായും നിയമപരവുമായ ശക്തമായ നടപടികളിലേക്ക് പോകുമെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. 

ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ടും മൂത്താപ്പ പള്ളിയില്‍ പോയിട്ടില്ല. തന്റെ പേരില്‍ എത്ര കേസുകളുണ്ട്. പിന്നായാണോ ഈ കേസ്. കേസു വരും പോകും, അതൊക്കെ പൊതു ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതാണ്. ഹാജരായില്ലെങ്കില്‍ വാറണ്ട് വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകട്ടേന്ന്. നിങ്ങള്‍ക്ക് സന്തോഷമാകില്ലേന്ന് സുരേന്ദ്രന്‍ ചോദിച്ചു. തെളിയാത്ത കേസെല്ലാം എന്റെ തലയില്‍ വെച്ചോളൂ എന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശബരിമല സമരകാലത്ത് ഓട്ടോറിക്ഷയില്‍ ചാരായം കടത്തി എന്നും പറഞ്ഞ് തനിക്കെതിരെ പൊലീസ് കേസെടുത്തു. അങ്ങനെയുള്ള പൊലീസില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞാല്‍ ഏറ്റവും വലിയ വിഡ്ഡിയാകും താനെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com