ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയട്ടെ: വി മുരളീധരന്‍

ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയട്ടെ: വി മുരളീധരന്‍
വി മുരളീധരന്‍ /ഫയല്‍ ചിത്രം
വി മുരളീധരന്‍ /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

സിപിഎം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗൂണ്ടാസംഘങ്ങള്‍ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് പരിഹാസ്യമാണ്. കൊടകര മുതല്‍ കരിപ്പൂര്‍ വരെ കേരളത്തിലെ എല്ലാ അധോലോക ഇടപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങളാണ് നടത്തുന്നത്. അത് പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് സുരേന്ദ്രനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്- മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെയല്ല സംസ്ഥാന ഏജന്‍സികളെയാണ് ഭരിക്കുന്നവര്‍  രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നത്. ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയട്ടെ. കള്ളപ്പണമാണ് വിഷയമെങ്കില്‍ അത് അന്വേഷിക്കേണ്ടത് പൊലീസ് അല്ലെന്നും മുരളീധരന്‍ പറഞ്ഞു. 

നാടിന്റെ സ്വത്തായ രാജകീയ വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയവര്‍ ഇപ്പോഴും സൈ്വര്യവിഹാരം നടത്തുന്നത് കേരള പൊലീസിനെ ബാധിക്കുന്നേയില്ല. വനംകൊള്ളക്കാരെ തൊടാന്‍ ധൈര്യമില്ലാത്ത പിണറായിയുടെ പൊലീസ് ബിജെപിക്കെതിരെ തിരിയുന്നത് രാഷ്ട്രീയ പകപോക്കലിനാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണം കണ്ണൂരിലെ പാര്‍ട്ടിയാഫീസുകളിലേക്കെത്തുന്നതിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള വില കുറഞ്ഞ ഈ തന്ത്രം വിലപ്പോവില്ലെന്ന് സിപിഎം മനസിലാക്കുന്നത് നന്നാവുമെന്ന് കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com